പൂനെയിലെ ഒരു മരത്തിൽ നിന്ന് 'അത്ഭുത ജലം' ഒഴുകുന്ന വീഡിയോ വൈറൽ. രോഗശാന്തി നൽകുന്ന അത്ഭുതജലമാണെന്ന് വിശ്വസിച്ച് നാട്ടുകാർ പൂജ നടത്തി.
പൂനെ: ഒരു മരത്തില്‍ നിന്ന് 'അത്ഭുത ജലം' ഒഴുകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പുണ്യജലം എന്ന് വിശ്വസിച്ച് നാട്ടുകാർ മരത്തിന് പൂക്കളും മഞ്ഞളും സിന്ദൂരവും അർപ്പിക്കുന്നതും ആ വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, പിന്നീട് നടന്ന ഒരു മുനിസിപ്പൽ പരിശോധനയിൽ ഇത് ഭൂമിക്കടിയിലെ പൈപ്പ് ലൈനിൽ നിന്നുള്ള ചോർച്ചയാണെന്ന് കണ്ടെത്തുകയായിരുന്നു.
പിംപ്രിയിലെ പ്രേംലോക് പാർക്കിലാണ് സംഭവം. സഹാറ സൊസൈറ്റിക്ക് പുറത്ത് ഗുൽമോഹർ മരത്തെ ആളുകൾ വിശുദ്ധമായി കണക്കാക്കി പൂജിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ അവിടെ തടിച്ചുകൂടിയത്. രോഗശാന്തി നൽകുന്ന അത്ഭുതജലമാണ് തടിയിൽ നിന്ന് ഒഴുകുന്നതെന്ന് വിശ്വസിച്ച് പലരും പരമ്പരാഗത വഴിപാടുകളോടെ മരത്തെ ആരാധിക്കാൻ തുടങ്ങി.
ഈ പെട്ടെന്നുള്ള വിശ്വാസപ്രവാഹം ജനക്കൂട്ടത്തെ ആകർഷിച്ചു. ഒരു അത്ഭുതമാണ് നടക്കുന്നതെന്ന് നാട്ടുകാർ ഉറച്ചുവിശ്വസിച്ചു. എന്നാൽ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ (പിസിഎംസി) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ സത്യം പുറത്തുവന്നു. മരത്തിനടിയിലൂടെ ഒരു പഴയ ജല പൈപ്പ് ലൈൻ പോകുന്നുണ്ട്. ഒരു ചോർച്ച കാരണം, വെള്ളം പൊള്ളയായ തടിയിലൂടെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഡെപ്യൂട്ടി എഞ്ചിനീയർ പ്രവീൺ ധൂമൽ പറഞ്ഞു.
ഉദ്യോഗസ്ഥർ പിന്നീട് ജലവിതരണം നിർത്തിവെക്കുകയും മരം നീക്കം ചെയ്യാതെ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ ഈ വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. നഗരപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസത്തിൽ പല ഉപയോക്താക്കളും ആശങ്ക പ്രകടിപ്പിച്ചു.
ഗ്രാമീണ മേഖലകളെക്കാൾ നഗരപ്രദേശങ്ങളിലാണ് അന്ധവിശ്വാസം വർദ്ധിക്കുന്നത്. എന്തായിരിക്കും ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 2025ലും ഇത്തരം കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും ചോദ്യം ഉന്നയിച്ചവരുണ്ട്.