200 മീറ്ററിലേറെ താഴേയ്ക്ക് ഇറങ്ങിയിട്ടും പാറക്കെട്ടുകളുടെ താഴെ ഭാഗത്ത് എത്താനായിട്ടില്ല. അവസാന നൂറ് അടി ഭാഗത്തെ തെരച്ചിൽ ദുഷ്കരമാക്കുന്നത് വെളിച്ചക്കുറവും മഴയും

വെയ് സോഡോംഗ്: മേഘാലയയിലെ മധുവിധു ആഘോഷത്തിനിടെ നവവരൻ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ കാണുകയും ചെയ്ത സംഭവത്തിൽ കാണാതായ വധുവിനായി തെരച്ചിലിന് എൻഡിആർഎഫ് സംഘം. ചെങ്കുത്തായ മലയിടുക്കിലാണ് രാജ രഘുവൻശിക്കായുള്ള തെരച്ചിൽ അവസാനിച്ചത്. കൊടും മഴയിൽ നവവരനായുള്ള തെരച്ചിലിനിടെ കണ്ടെത്തിയത് വധുവിന്റെ നനഞ്ഞു കുതിർന്ന വെള്ള ഷർട്ട് മാത്രമായിരുന്നു. 200 മീറ്ററിലേറെ താഴ്ചയിലാണ് സോനം രഘുവൻശിക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നത്. പാറക്കെട്ടുകളിൽ തെരച്ചിൽ നടത്താനുള്ള ഉപകരണങ്ങളുമായുള്ള എൻഡിആർഎഫ് സംഘത്തിന്റെ ദൌത്യത്തിന് വെല്ലുവിളിയാവുന്നത് വെളിച്ചക്കുറവും കനത്ത മഴയുമാണ്.

സോനത്തിന്റേത് എന്ന് കരുതപ്പെടുന്ന കറുത്ത നിറത്തിലുള്ള രക്തക്കറയുള്ള റെയിൻ കോട്ട് തെരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. വെയ് സോഡോംഗിലെ തെരച്ചിൽ നടക്കുന്ന മേഖലയിൽ പാറക്കെട്ടുകളിൽ വഴുതി കിടക്കുന്ന സ്ഥിതിയിലാണ്. മഴയിൽ കുതിർന്ന മണ്ണ് എപ്പോൾ വേണമെങ്കിലും ഒലിച്ച് പോവുന്ന അവസ്ഥയിലും സോനത്തിന്റെ കണ്ടെത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. 200 മീറ്ററിലേറെ താഴേയ്ക്ക് ഇറങ്ങിയിട്ടും പാറക്കെട്ടുകളുടെ താഴെ ഭാഗത്ത് എത്താനായിട്ടില്ലെന്നാണ് എൻഡിആർഎഫ് സംഘം വിശദമാക്കുന്നത്. എൻഡിആർഎഫിന്റെ ഫസ്റ്റ് ബറ്റാലിയനാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.

രാജാ രഘുവൻശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സോനത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് 17അംഗ സംഘമുള്ളത്. 300 അടിയോളം ആഴമുള്ള പാറക്കെട്ടിന്റെ അവസാന 100 അടിയിലേക്ക് എത്താൻ പ്രതികൂല കാലാവസ്ഥ വലിയ രീതിയിലാണ് വെല്ലുവിളി ഉയർത്തുന്നത്. വനമേഖലയിൽ മുൻപിലുള്ളത് കാണാൻ പോലുമാവാത്ത നിലയിലാണ് ചില ദിവസങ്ങളിൽ തെരച്ചിൽ നിർത്തിയത്. മഴ തുടരുന്നതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും വലിയ രീതിയിൽ മുന്നോട്ട് പോവുന്നില്ല.

പ്രത്യേക അന്വേഷണ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ഫോഴ്സ്, സോനത്തിന്റെ സഹോദരൻ എന്നിവർ അടക്കമാണ് തെരച്ചിൽ സംഘത്തിലുള്ളത്. 13 ദിവസമായി സോനത്തിനായുള്ള തെരച്ചിൽ സൊഹ്റ മലനിരയിൽ തുടരുകയാണ്. ഇതിനിടെ മെയ് 22 ന് ഹോട്ടൽ മുറിയിൽ നിന്ന് ചെക്കൌട്ട് ചെയ്യുന്ന ദമ്പതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജൂൺ 2നാണ് പൊലീസ് ഡ്രോൺ രാജ രഘുവൻശിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് ഇൻഡോറിലെ വീട്ടിൽ വച്ച് രാജയുടെ സംസ്കാരം പൂർത്തിയായിരുന്നു. സൊഹ്റ മലനിരകൾക്ക് സമീപത്തെ റിയാത് അർലിയാംഗിലെ പാർക്കിംഗ് ലോട്ടിന് സമീപത്തെ പാറക്കെട്ടുകൾക്ക് പരിസരത്ത് നിന്നാണ് ഇൻഡോർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രാൻസ്പോർട്ട് ബിസിനസ് ഉടമായായ 28കാരൻ രാജാ രഘുവൻശി മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഹണിമൂൺ ആഘോഷത്തിന് മേഘാലയ തെരഞ്ഞെടുത്തത്. മാസങ്ങളുടെ സമ്പാദ്യം മുഴുവനാണ് ഹണിമൂൺ ആഘോഷത്തിനായി ദമ്പതികൾ നീക്കി വച്ചത്. എന്നാലിപ്പോൾ സ്വന്തം ഗ്രാമത്തിന് പുറത്ത് പോയിട്ടില്ലാത്ത 24കാരി സോനത്തിനായുള്ള തെരച്ചിലുകൾ മേഘാലയയിൽ പുരോഗമിക്കുന്നത്. വാടകയ്ക്ക് എടുത്ത സ്കൂട്ടറിലെ ജിപിഎസ് ട്രാക്കറാണ് തെരച്ചിൽ സംഘത്തെ വെയ് സോഡംഗ് മേഖലയിലേക്ക് എത്തിച്ചത്. എന്നാൽ ഈ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട മേഖലയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് രാജാ രഘുവൻശിയുടെ മൃതദേഹം കണ്ടെത്തിയത്. വലത് കയ്യിലെ ടാറ്റൂവാണ് രാജയുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ദമ്പതികളുടെ ചിത്രങ്ങളും സോനത്തിന്റെ വെള്ള ഷർട്ടും നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന പെൻട്രാ 40 ഗുളികകളും വിവോ മൊബൈൽ ഫോണിന്റെ എൽസിഡി സ്ക്രീനും രാജയുടെ സ്മാർട്ട് വാച്ചുമാണ് മൃതദേഹ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. പ്രാദേശികമായി മരം വെട്ടാൻ ഉപയോഗിക്കുന്ന ഡാവോ എന്ന പേരിൽ അറിയപ്പെടുന്ന വാളു കൊണ്ടുള്ള വെട്ടേറ്റും മർദ്ദനമേറ്റുമാണ് 28കാരൻ കൊല്ലപ്പെട്ടിട്ടുള്ളത്. യുവാവിന്റെ പഴ്സ്, സ്വർണമാല, വജ്ര മോതിരവും കൈ ചെയിനും കാണാതായിട്ടുണ്ട്. സോനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം