ദമ്പതികളുടെ ചിത്രങ്ങളും സോനത്തിന്റെ വെള്ള ഷർട്ടും നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന പെൻട്രാ 40 ഗുളികകളും വിവോ മൊബൈൽ ഫോണിന്റെ എൽസിഡി സ്ക്രീനും രാജയുടെ സ്മാർട്ട് വാച്ചുമാണ് മൃതദേഹത്തിന് പരിസരത്ത് നിന്നായി ലഭിച്ചത്

വെയ് സോഡോംഗ്: എട്ട് ദിവസം കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയേയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ തെരച്ചിൽ അവസാനിച്ചത് മഴയിൽ കുതിർന്ന നവവധുവിന്റെ ഷർട്ടിലും വടിവാളിനുള്ള വെട്ടേറ്റ മരിച്ച ഭർത്താവിന്റെ അഴുകിയ മൃതദേഹത്തിലും. മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ കാണാതായ നവദമ്പതികൾക്കായുള്ള തെരച്ചിലിൽ ജൂൺ 2നാണ് നവവരന്റെ മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ ഷർട്ട് കിടന്നിരുന്നത്. യുവാവിന്റെ അഴുകിയ മൃതദേഹത്തിലെ കയ്യിൽ സ്മാർട്ട് വാച്ച് കെട്ടിയ നിലയിൽ തന്നെയാണ് കണ്ടെത്തിയത്. സൊഹ്റ മലനിരകൾക്ക് സമീപത്തെ റിയാത് അർലിയാംഗിലെ പാർക്കിംഗ് ലോട്ടിന് സമീപത്തെ പാറക്കെട്ടുകൾക്ക് പരിസരത്ത് നിന്നാണ് ഇൻഡോർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രാൻസ്പോർട്ട് ബിസിനസ് ഉടമായായ 28കാരൻ രാജാ രഘുവൻശി മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഹണിമൂൺ ആഘോഷത്തിന് മേഘാലയ തെരഞ്ഞെടുത്തത്. മാസങ്ങളുടെ സമ്പാദ്യം മുഴുവനാണ് ഹണിമൂൺ ആഘോഷത്തിനായി ദമ്പതികൾ നീക്കി വച്ചത്. ചെയ്യുന്ന എന്ത് കാര്യവും ഏറെ ആലോചിച്ച ശേഷം മാത്രം ചെയ്യുന്ന വ്യക്തിയായിരുന്നു രാജാ രഘുവൻശിയെന്നാണ് കുടുംബവും സുഹൃത്തുക്കളും വിശദമാക്കുന്നത്. എന്നാലിപ്പോൾ സ്വന്തം ഗ്രാമത്തിന് പുറത്ത് പോയിട്ടില്ലാത്ത 24കാരി സോനത്തിനായുള്ള തെരച്ചിലുകൾ മേഘാലയയിൽ പുരോഗമിക്കുകയാണ്. മെയ് 23നാണ് നവ ദമ്പതികൾ മേഘാലയയിൽ എത്തിയത്.

സോനത്തിനായുള്ള തെരച്ചിലിൽ രാജാ രഘുവൻശിയുടെ സഹോദരൻ വിപിനും സോനത്തിന്റെ സഹോദരൻ ഗോവിന്ദും പൊലീസിനൊപ്പം ചേർന്നിട്ടുണ്ട്. കനത്ത മഴയാണ് നിർണായക മണിക്കൂറിലെ തെരച്ചിലിന് തിരിച്ചടിയേൽപ്പിച്ചതെന്നാണ് ഇവർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാടകയ്ക്ക് എടുത്ത സ്കൂട്ടറിലെ ജിപിഎസ് ട്രാക്കറാണ് തെരച്ചിൽ സംഘത്തെ വെയ് സോഡംഗ് മേഖലയിലേക്ക് എത്തിച്ചത്. എന്നാൽ ഈ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട മേഖലയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് രാജാ രഘുവൻശിയുടെ മൃതദേഹം കണ്ടെത്തിയത്. വലത് കയ്യിലെ ടാറ്റൂവാണ് രാജയുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ദമ്പതികളുടെ ചിത്രങ്ങളും സോനത്തിന്റെ വെള്ള ഷർട്ടും നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന പെൻട്രാ 40 ഗുളികകളും വിവോ മൊബൈൽ ഫോണിന്റെ എൽസിഡി സ്ക്രീനും രാജയുടെ സ്മാർട്ട് വാച്ചുമാണ് മൃതദേഹ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. പ്രാദേശികമായി മരം വെട്ടാൻ ഉപയോഗിക്കുന്ന ഡാവോ എന്ന പേരിൽ അറിയപ്പെടുന്ന വാളു കൊണ്ടുള്ള വെട്ടേറ്റും മർദ്ദനമേറ്റുമാണ് 28കാരൻ കൊല്ലപ്പെട്ടിട്ടുള്ളത്. യുവാവിന്റെ പഴ്സ്, സ്വർണമാല, വജ്ര മോതിരവും കൈ ചെയിനും കാണാതായിട്ടുണ്ട്. സോനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം