ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഇടപെട്ടുവെന്ന് അവകാശപ്പെട്ടുള്ള പഴയ വാദങ്ങൾ ട്രംപ് ആവര്‍ത്തിച്ചത്. വ്യാപാര കരാറുകള്‍ കൂട്ടാമെന്നും സമാധാനം വേണമെന്നും താൻ അവരോട് പറഞ്ഞുവെന്ന് ട്രംപ്.
ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ കരാറിനായി അമേരിക്ക ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഇടപെട്ടുവെന്ന് അവകാശപ്പെട്ടുള്ള പഴയ വാദങ്ങൾ ട്രംപ് ആവര്‍ത്തിച്ചത്.
താൻ നന്നായി അവരോട് സംസാരിച്ചുവെന്നും ജെ ഡി വാൻസും മാർക്കോ റൂബിയോയും സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര കരാറുകള്‍ കൂട്ടാമെന്നും സമാധാനം വേണമെന്നും താൻ അവരോട് പറഞ്ഞു. അങ്ങനെയാണ് വെടിനിര്‍ത്താനുള്ള ധാരണയിൽ എത്തിയതെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ട്രംപിന്‍റെ പ്രതികരണം.
അമേരിക്കയുടെ ഇടപെടൽ മൂലമാണ് ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ യാഥാർത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതെന്നുമായിരുന്നുട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ട്രംപിന്‍രെ അവകാശ വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയുമായുള്ള സംഭാഷണത്തിൽ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റാണെന്നും അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇന്നലെ വിദേശകാര്യമന്ത്രാലയം വക്താവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ട്രംപിന്‍റെ വാദങ്ങളെ പരസ്യമായി തള്ളിയിരുന്നു.ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വ്യാപാരം ചര്‍ച്ചയായെന്ന അവകാശവുമായി ട്രംപ് രംഗത്തെത്തിയത്.



