വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകളും കൂടിയ മനോഹരമായ മത്സ്യത്തെയാണ് തീരത്തെത്തിയ നിലയിൽ കണ്ടെത്തിയത്.
പെൻഗ്വിൻ: മികച്ച കാലാവസ്ഥയുള്ള ഒരു ദിവസം ബീച്ചിൽ വെയിൽ കായാൻ എത്തിയവർക്ക് ഇടയിലേക്ക് എത്തിയത് സുനാമി മുന്നറിയിപ്പെന്ന് കുപ്രസിദ്ധി നേടിയ ഓർ മത്സ്യം. പത്ത് അടിയോളം നീളമുള്ള ഓർ മത്സ്യമാണ് ഓസ്ട്രേലിയയിലെ പ്രധാന ദ്വീപുകളിലൊന്നും ഏറ്റവും ചെറിയ സംസ്ഥാനവുമായ ടാസ്മാനിയയിലെ തീര ദേശ പട്ടണമായ പെൻഗ്വിനിലേക്ക് എത്തിയത്. നായകളുമായി നടക്കാനിറങ്ങിയ നാട്ടുകാരിലൊരാളാണ് അപൂർവ്വ മത്സ്യത്തെ കാണുന്ന്. വെള്ളി നിറത്തിൽ കണ്ട മത്സ്യത്തെ സമീപത്ത് എത്തി പരിശോധിച്ചപ്പോഴാണ് ഓർ മത്സ്യമാണെന്ന് വ്യക്തമാവുന്നത്. വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകളും കൂടിയ മനോഹരമായ മത്സ്യത്തെയാണ് തീരത്തെത്തിയ നിലയിൽ കണ്ടെത്തിയത്.
കടൽത്തീരങ്ങളിലേക്ക് എത്താറ് അപൂർവ്വം
ഓർ മത്സ്യങ്ങളിൽ വിവിധ വിഭാഗങ്ങളുണ്ടെങ്കിലും നിലവിൽ കണ്ടെത്തിയ പത്ത് അടിയോളം നീളമുള്ള ഓർ മത്സ്യത്തെ വലുപ്പമേറിയ മത്സ്യത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താനാവുമെന്നാണ് മക്കാരി സർവ കലാശാലയിലെ മത്സ്യ വിദഗ്ധനായ പ്രൊഫസർ കുലം ബ്രൗൺ വിശദമാക്കുന്നത്. റിബ്ബൺ പോലെ നീളമുള്ള ഈ മത്സ്യത്തെ മെലിഞ്ഞ അവസ്ഥയിലാണ് കണ്ടെത്തിയത്. 30 അടിയോളം നീളം വയ്ക്കുന്നവയാണ് ഓർ മത്സ്യങ്ങൾ. സമുദ്രോപരിതലത്തിൽ നിന്നും 1500 മീറ്റർ വരെ താഴ്ചയിൽ താമസമാക്കിയ ഇവ വളരെ അപൂർവ്വമായാണ് കടൽത്തീരങ്ങളിലേക്ക് എത്താറുള്ളത്.
ജാപ്പനീസ് ഐതീഹ്യം അനുസരിച്ച് കടൽ ദൈവത്തിന്റെ സന്ദേശ വാഹകനാണ് ഓർ മത്സ്യം. കാലാവസ്ഥാ പ്രതിസന്ധികളും ഭൂമി കുലുക്കവും സുനാമി മുന്നറിയിപ്പുകളും നൽകാനാണ് ഇവ കരയിലെത്തുക എന്നാണ് ജാപ്പനീസ് ഐതീഹ്യങ്ങൾ അവകാശപ്പെടുന്നത്. വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും 2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുമ്പ് ഓര്‍ മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കാരണമായിരുന്നു. ആരോഗ്യം തകരാറിലായി മരണാസന്നനായി കഴിയുമ്പോഴാണ് ഓർ മത്സ്യം കരയിലെത്താറ് എന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. ഇതിന് മുൻപ് 1878ലാണ് ഈ മേഖലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയതായി രേഖകളുള്ളത്.


