അമേരിക്കയിലെ ഏറ്റവും വലിയ യുദ്ധ കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോഡും കരീബിയൻ തീരത്തുണ്ട്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും ഒരുപോലെ അധിനിവേശം സാധ്യമാക്കുന്ന മറൈൻ സേനയും കരീബിയനിലുണ്ട്

കാരക്കാസ്: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് രാജ്യം വിട്ടുപോകാനുള്ള അന്ത്യ ശാസനവുമായി ഡൊണാൾഡ് ട്രംപ്. നിങ്ങളെയും ഏറ്റവും അടുപ്പമുള്ളവരേയും സംരക്ഷിക്കാൻ ആകെയുള്ള മാർഗം രാജ്യം വിടുകയാണെന്നാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡൂറോയോട് ഫോൺ കോളിൽ വിശദമാക്കിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. മഡൂറോ രാജ്യം വിടാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അമേരിക്ക മ‍ഡൂറോയ്ക്കും ഭാര്യയ്ക്കും മകനും വെനസ്വേല വിടാനുള്ള സുരക്ഷിത പാതയൊരുക്കുമെന്നുമാണ് അമേരിക്ക ഇതിനോടകം സ്ഥിരീകരിക്കുന്നത്. മഡൂറോയോട് ഏറ്റവും അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷാമാർഗം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാജ്യം വിട്ടാൽ മഡൂറോയ്ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് അമേരിക്ക 

വൈനസ്വേലയെ അമേരിക്ക ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെ പത്തിലേറെ യുദ്ധ കപ്പലുകളാണ് കരീബിയൻ തീരത്ത് അമേരിക്ക സജ്ജമാക്കി നിർത്തിയിരിക്കുന്നത്. ഇതിൽ അമേരിക്കയിലെ ഏറ്റവും വലിയ യുദ്ധ കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോഡും കരീബിയൻ തീരത്തുണ്ട്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും ഒരുപോലെ അധിനിവേശം സാധ്യമാക്കുന്ന മറൈൻ സേനയും തീരത്തുണ്ട്. അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നത് ഏത് രീതിയിലും പ്രതിരോധിക്കുകയാണ് കരീബിയൻ തീരത്തുള്ള സേനയുടെ ദൗത്യമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചന. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുകയാണ് സേനയുടെ ദൗത്യമെന്നാണ് നാവിക സേനാ സെക്രട്ടറി ജോൺ ഫെലാൻ ഫോക്സ് ന്യൂസിനോട് ശനിയാഴ്ച പ്രതികരിച്ചത്. അത് തന്നെയാണ് തങ്ങൾ ചെയ്യുന്നതെന്നും ജോൺ ഫെലാൻ കൂട്ടിച്ചേർത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരേക്കാൾ കൂടുതൽ പൗരന്മാരാണ് മയക്കുമരുന്ന് ഉപയോഗം മൂലം കൊല്ലപ്പെടുന്നത്. അതിനാൽ തന്നെ ഇതിന് അവസാനം വരുത്തേണ്ട സമയമായെന്നും ജോൺ ഫെലാൻ വിശദമാക്കുന്നത്. ലഹരിമരുന്നുമായി വെനസ്വേലയുടെ തീരത്ത് നീന്ന് കപ്പലുകൾ പുറപ്പെടുന്നതിന് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഒത്താശ ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. വിർജീനിയ ആസ്ഥാനമായുള്ള വ്യോമ താവളത്തിൽ നിന്നുള്ള 70ലേറെ യുദ്ധ വിമാനങ്ങളും കരീബിയൻ തീരത്തുണ്ട്.

യുഎസ്എശ് ഇവോ ജാമിയ, യുഎസ്എസ് ഗ്രേവ്ലി, യുഎസ്എസ് സ്റ്റോക്ക്ഡേൽ, യുഎസ്എസ് ലേക്ക് എറീ, യുഎസ്എസ് ഗെറ്റീസ്ബർഗ് എന്നീ യുദ്ധ കപ്പലുകളും കരീബിയനിൽ താവളമടിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.15000 ട്രൂപ്പുകളും മറൈനുകളും കടലിലും 5000 പേർ ബേസുകളിലും സജ്ജമാണെന്ന് അമേരിക്ക വിശദമാക്കുന്നത്. ഭാഗികമായുള്ള നിർമ്മാണത്തിന്റെ ഭാഗമായി പ്യൂർട്ടോ റിക്കോയിലെ റൂസ്വെൽട്ട് റോഡ്സ് നാവിക ബേസ് തുറന്നിട്ടുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം