ന്യൂ കാസിലിലെ ഗേറ്റ്ഷെഡിലെ ഒരു കെട്ടിടത്തിലാണ് ആണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലണ്ടൻ: യുകെയിലുണ്ടായ തീപിടിത്തത്തിൽ കൗമാരക്കാരനായ ആണ്‍കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് 14 കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ബ്രിട്ടീഷ് പൊലീസ് കൂട്ടിച്ചേർത്തു. ന്യൂ കാസിലിലെ ഗേറ്റ്ഷെഡിലെ ഒരു കെട്ടിടത്തിലാണ് ആണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 14 വയസുകാരനായ ലേട്ടണ്‍ കാർ എന്ന ആണ്‍കുട്ടിയാണ് മരിച്ചത്.
കൊലപാതകമെന്ന സംശയത്തിൽ പതിനൊന്ന് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയും അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പൊലീസ് ശനിയാഴ്ച അറിയിച്ചു. അറസ്റ്റ് ചെയ്തവരിൽ 11 നും 14 നും ഇടയിൽ പ്രായമുള്ള 14 കുട്ടികളാണുള്ളതെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ലൂയിസ് ജെങ്കിൻസ് പറഞ്ഞു.
വെള്ളിയാഴ്ച്ച മുതൽ കുട്ടിയെ കാണാത്തതിനെത്തുടർന്ന് പരാതി നൽകിയതിനെത്തുടർന്ന് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ന്യൂകാസിലിനടുത്തുള്ള ഗേറ്റ്‌സ്‌ഹെഡിലെ കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു ആണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് ഇത് കാണാതായ ലേട്ടണ്‍ കാറിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. വെളളിയാഴ്ച്ച രാത്രിയാണ് തീപിടിത്തത്തിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.


