രാജ്യലക്ഷ്മിക്ക് കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. രാജ്യലക്ഷ്മി മൂന്നുദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു.

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ(23)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാജ്യലക്ഷ്മിയുടെ കൂടെ താമസിക്കുന്നവരാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. രാജ്യലക്ഷ്മിക്ക് കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

രാജ്യലക്ഷ്മി മൂന്നുദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നതായാണ് വിവരം. അതേസമയം, ടെക്‌സാസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ എംഎസ് കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന രാജ്യലക്ഷ്മി അടുത്തിടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യുഎസില്‍ തന്നെ ജോലിക്കായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. വിജയവാഡയിലെ കോളേജില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കി 2023-ലാണ് രാജ്യലക്ഷ്മി ഉന്നതപഠനത്തിനായി യുഎസിലേക്ക് പോയത്.

ആന്ധ്രയിലെ കര്‍ഷക കുടുംബാംഗമാണ്. ജോലി കിട്ടിക്കഴിഞ്ഞ് കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യലക്ഷിമിയെന്ന് കൂട്ടുകാർ പറഞ്ഞു. മകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പമം പോലും കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് സാമ്പത്തിക പരാധീനതകളുള്ള കുടുംബം. രാജ്യലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും, വിദ്യാഭ്യാസവായ്പ ബാധ്യതകള്‍ തീര്‍ക്കാനും ബന്ധുവായ ചൈതന്യയുടെ നേതൃത്വത്തില്‍ 'ഗോഫണ്ട്മീ' കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥിനിയുടെ മരണകാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്തമായിട്ടില്ല.