മണലും പാറക്കെട്ടുകളും നിറഞ്ഞ മേഖലയിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ ചരിഞ്ഞ ഫെറിയിലെ യാത്രക്കാരായ 27 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിരുന്നു.

സിയോൾ: ഫെറി ദിശമാറി പാറക്കെട്ടിലേക്ക് ഇടിച്ച് കയറി. 267 യാത്രക്കാരുടെ ജീവൻ വച്ച് പന്താടി. ദിശ നിയന്ത്രിക്കാതെ മൊബൈൽ ഫോണിൽ മുഴുകിയിരുന്ന ഫെറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്. ദക്ഷിണ കൊറിയയിലാണ് സംഭവം. ബോട്ട് ക്യാപറ്റനും സംഭവത്തിൽ അന്വേഷണം നേരിടുന്നുണ്ട്. ബുധനാഴ്ചയാണ് 267 യാത്രക്കാരുമായി പോയ ഫെറി ബോട്ട് ആളില്ലാ ദ്വീപിലെ പാറക്കെട്ടിലേക്ക് ഇടിച്ച് കയറിയത്. ഷിനാൻ കൗണ്ടിയിലെ ജാംഗ്സാൻ ദ്വീപിലെ ജോഗ്ദോയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. മണലും പാറക്കെട്ടുകളും നിറഞ്ഞ മേഖലയിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ ചരിഞ്ഞ ഫെറിയിലെ യാത്രക്കാരായ 27 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിരുന്നു. ഫെറിയുടെ ദിശ നിയന്ത്രിച്ചിരുന്ന ഡ്രൈവറും ഫസ്റ്റ് മേറ്റിന്റെയും ഗുരുതര അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. ക്വീൻസ് ജെനൂവിയ 2 എന്ന ഫെറി ബോട്ടാണ് വലിയ അപകടത്തിൽപ്പെട്ടത്. 

ദിശ മാറ്റാനുള്ള പോയിന്റ് ശ്രദ്ധിക്കാതെ ഡ്രൈവറും ഫസ്റ്റ് മേറ്റും 

വീൽ തകരാറിലായതാണ് അപകടകാരണമെന്നായിരുന്നു ഫെറി ഡ്രൈവർ വാദിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ ഫോണിൽ മുഴുകി ഇരുന്നതായി ഇയാൾ സമ്മതിക്കുകയായിരുന്നു. സഞ്ചരിച്ച ദിശ മാറ്റുന്നതിനുള്ള പോയിന്റ് കടന്ന് പോയത് ശ്രദ്ധിച്ചില്ലെന്ന് അറസ്റ്റിലായ ആൾ മൊഴി നൽകിയിട്ടുണ്ട്. സമീപത്തെ തുറമുഖത്തേക്ക് എത്തിച്ച ഫെറിയിൽ നിന്ന് പരിക്കേറ്റവരേയും മറ്റ് യാത്രക്കാരേയും ഇതിനോടകം പുറത്ത് എത്തിച്ചിട്ടുണ്ട്. അപകട കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്നാണ് അധികൃതർ വിശദമാക്കിയത്. വലിയ ശബ്ദത്തോടെ ഫെറി ഒരു വശത്തേക്ക് ചരിയുകയായിരുന്നുവെന്നാണ് യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ച് ഡോക്കിലേക്ക് എത്താനുള്ള അറിയിപ്പും ലഭിച്ചതോടെ മരണ ഭയം വന്ന് മൂടിയെന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്. തുറമുഖ നഗരമായ മോക്പോയിൽ നിന്ന് ജെജു ദ്വീപിലേക്ക് പോയ 26000 ടൺ ഭാരമുള്ള ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ഇതേ മേഖലയിൽ 2014ൽ മറ്റൊരു ഫെറി മുങ്ങിപ്പോയതിന് പിന്നാലെ 300 പേരാണ് കൊല്ലപ്പെട്ടത്. സ്കൂളിൽ നിന്ന് വിനോദ യാത്രക്കായി പുറപ്പെട്ട കുട്ടികളായിരുന്നു അന്ന് അപകടത്തിൽപ്പെട്ടവർ ഏറെയും. ശബ്ദവും പിന്നാലെ ഫെറി ഉലയുന്നതും അനുഭവപ്പെട്ടപ്പോൾ മുങ്ങിപ്പോവുകയാണെന്നാണ് യാത്രക്കാരിലേറെയും ധരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം