വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു

കാഠ്മണ്ഡു: ലാൻഡിംഗിനിടെ ടയറിന് തീ പിടിച്ചു. പിന്നാലെ യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക്. തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ ടർക്കിഷ് എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിച്ചത്. ഇസ്താംബൂളിൽ നിന്നും വന്ന ടി കെ 726 എന്ന വിമാനത്തിന്റെ വലതുഭാഗത്തെ ടയറുകൾക്കാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Add Asianetnews as a Preferred SourcegooglePreferred

 വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിന്റെ എമർജൻസി വാതിലുകൾ വഴിയാണ് എല്ലാവരെയും ഒഴിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ വിമാനത്തിന്റെ അടിഭാഗത്തുനിന്നും വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കാണാൻ സാധിക്കും. ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തു.ടർക്കിഷ് എയർലൈൻസ് മുമ്പും കാഠ്മണ്ഡു വിമാനത്താവളത്തിൽ സമാനമായ അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 

Scroll to load tweet…

2015ൽ ഇതേ നമ്പറിലുള്ള വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പുല്ലിലേക്ക് ഇടിച്ചു കയറിയിരുന്നു. അന്ന് നാല് ദിവസത്തോളം വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു. ഇപ്പോഴുണ്ടായ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും പർവ്വതനിരകൾ നിറഞ്ഞ ഭൂപ്രകൃതിയും കാരണം ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളിൽ ഒന്നായാണ് കാഠ്മണ്ഡു കണക്കാക്കപ്പെടുന്നത്. അടിയന്തര സാഹചര്യത്തിൽ അധികൃതർ കാട്ടിയ വേഗതയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം