Asianet News MalayalamAsianet News Malayalam

28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് ഡീപോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍

വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അധികൃതരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വി മുരളീധരന്‍ അറിയിച്ചു.

28 indian students deported from United States in this year says ministry of external affairs afe
Author
First Published Dec 15, 2023, 10:37 PM IST

ന്യൂഡല്‍ഹി: 28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് വെള്ളിയാഴ്ച ലോക് സഭയില്‍ ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അധികൃതരെ നിരന്തരം ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

ലോക് സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കണക്കുകള്‍ വിശദീകരിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2023ല്‍ ആകെ 28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്. അമേരിക്കന്‍ അധികൃതരുമായി ആശങ്കകള്‍ അറിയിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനൊപ്പം സാധുതയുള്ള സ്റ്റുഡന്റ് വിസയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് നീതിപൂര്‍വമായ  പരിഗണന കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മറുപടിയില്‍ അറിയിച്ചു.

അതേസമയം കാനഡയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചില ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി വി മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാജ ലെറ്ററുകള്‍ സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം മറുപടിയില്‍ പറയുന്നു. ഇത്തരം വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തട്ടിപ്പുകാരായ ഏജന്റുമാര്‍ വഴി എത്തുന്നവരാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചാബ് സര്‍ക്കാറുമായി ചേര്‍ന്ന് കേന്ദ്രം നടപടികള്‍ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനേഡിയന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം നടത്തിയ ആശയവിനിമയത്തില്‍ ഇത്തരം വ്യക്തികള്‍ക്ക് അവിടുത്തെ നിയമപ്രകാരം നിയമപരമായ താമസ അനുമതി ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയും ഈ വിദ്യാര്‍ത്ഥികള്‍ സംഭവങ്ങള്‍ക്ക് ഉത്തരവാദികളല്ലെന്നത് പരിഗണിച്ചുമാണ് ഇത്തരം നടപടികള്‍ കൈക്കൊണ്ടത്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ചിലര്‍ക്ക് സ്റ്റേ ഓര്‍ഡറുകളും താത്കാലിക താമസ വിസകളും അനുവദിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios