പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേപ്പോലെ ആള്‍മാറാട്ടം നടത്തിയ യുവതി വ്യാജ രേഖ നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പിനെ പറ്റിച്ചത്. ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പുതിയ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് അധ്യാപകര്‍ക്ക് സംശയം തോന്നാന്‍ കാരണമായത്

ന്യൂജേഴ്സി: 29ാം വയസില്‍ ഹൈസ്കൂളില്‍ പഠിക്കാനെത്തിയ യുവതി അറസ്റ്റില്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ന്യൂജഴ്സിയില്‍ യുവതി തട്ടിപ്പ് നടത്തിയത്. ഹീജിയോഗ് ഷിന്‍ എന്ന 29കാരിയാണ് പിടിയിലായത്. വ്യാജ രേഖ ചമച്ചുവെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേപ്പോലെ ആള്‍മാറാട്ടം നടത്തിയ യുവതി വ്യാജ രേഖ നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പിനെ പറ്റിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനന സര്‍ട്ടിഫിക്കറ്റുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ചട്ടമനുസരിച്ചാണ് യുവതി ക്ലാസില് കയറിക്കൂടിയത്.

എന്നാല്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പുതിയ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് അധ്യാപകര്‍ക്ക് സംശയം തോന്നാന്‍ കാരണമായത്. നാല് ദിവസമാണ് ക്ലാസിലിരുന്നതെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്ത് പോകാന്‍ താല്‍പര്യമുണ്ടോയെന്ന് യുവതി സഹപാഠികള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ട് ഒപ്പം ചെല്ലാത്ത കുട്ടികളോട് പുതിയ വിദ്യാര്‍ത്ഥി അസാധരണമായ രീതിയിലാണ് പെരുമാറിയിരുന്നത്. ഇതിന് പിന്നാലെ പുതിയ വിദ്യാര്‍ത്ഥിയുടെ കുട്ടികളിലൊരാള്‍ സന്ദേശം അധ്യാപികയെ കാണിക്കുകയായിരുന്നു. ഇതാണ് 29കാരിയുടെ സ്കൂള്‍ ജീവിതത്തിന് തിരശീല വീഴിച്ചത്.

എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു വീഴ്ച സംഭവിച്ചതിലെ ആശങ്ക രക്ഷിതാക്കള്‍ മറച്ചുവയ്ക്കുന്നില്ല. അഡ്മിഷന്‍റെ ഒരു ഘട്ടത്തിലും യുവതിയുടെ പെരുമാറ്റം അധികൃതര്‍ക്ക് സംശയമുണ്ടാക്കിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നിസാര സംഭവങ്ങളുടെ പേരില്‍ വെടിവയ്പ് വരെ നടക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ പതിവാകുന്നതിനിടയിലാണ് ഇത്തരമൊരു ഗുരുതര വീഴ്ചയുണ്ടാവുന്നത്. തോക്ക് ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ശക്തമല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് അടക്കം തോക്ക് ലഭ്യമാകുന്ന സാഹചര്യം അമേരിക്കയിലുണ്ടെന്ന് വ്യാപക ആരോപണം നിലനില്‍ക്കുമ്പോഴാണ് പ്രായപൂര്‍ത്തിയായ യുവതി സ്കൂള്‍ വിദ്യാര്‍ത്ഥി ചമഞ്ഞ് അഡ്മിഷന്‍ തരപ്പെടുത്തി ക്ലാസ് മുറിയില്‍ കയറിക്കൂടിയത്.

ക്ലാസ് മുറിക്കുള്ളിലെ വാക്കേറ്റത്തിന് പിന്നാലെ അധ്യാപികയ്ക്കെതിരെ ഒന്നാം ക്ലാസുകാരന്‍റെ കൈത്തോക്ക് പ്രയോഗം

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട 2070 സംഭവങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായിട്ടുള്ളത്. 1366 പേര്‍ക്ക് പരിക്കേല്‍ക്കുകയും 765 മരണങ്ങളും ഇത്തരം വെടിവയ്പിലൂടെ നടന്നിട്ടുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന പൌരന്മാരില്‍ 45 ശതമാനം പേരുടേയും വീടുകളില്‍ തോക്കുള്ളതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. 

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; അക്രമി 15 വയസുകാരന്‍