പെൺമക്കളോടിച്ച ജെറ്റ് സ്കീയിടിച്ച് കടലിലേക്ക് തെറിച്ച് വീണ് അമ്മ, 47കാരിക്ക് ദാരുണാന്ത്യം
അമ്മയും പങ്കാളിയും ഓടിച്ച് കൊണ്ടിരുന്ന ജെറ്റ് സ്കീയിലേക്കാണ് പെൺകുട്ടികളുടെ ജെറ്റ് സ്കീ ഇടിച്ച് കയറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 47കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ആർക്കച്ചോൺ ബേ: ഒഴിവ് ദിനത്തിൽ ഇരട്ട പെൺകുട്ടികൾക്കൊപ്പം കടൽക്കരയിലെത്തിയ 47കാരിക്ക് ദാരുണാന്ത്യം. 16 വയസ് പ്രായമുള്ള ഇരട്ടപ്പെൺകുട്ടികൾ ഓടിച്ച ജെറ്റ് സ്കീ തലയിലേക്ക് പാഞ്ഞ് കയറി ഗുരുതരമായി പരിക്കേറ്റാണ് 47കാരി കൊല്ലപ്പെട്ടത്. ഫ്രാൻസിലെ ആർക്കച്ചോൺ ബേയിലാണ് സംഭവം. സ്വന്തം ജെറ്റ്സ്കീയിൽ ഇൻസ്ട്രക്ടറുടെ സഹായത്തോടെയാണ് പെൺമക്കൽ ഓടിച്ചിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്രാൻസിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് സംഭവമുണ്ടായത്. അംഗൂലേം സ്വദേശിയായ 47കാരിയാണ് പരിക്കേറ്റത്. ഇവരുടെ പങ്കാളിയായ 48കാരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
അമ്മയും പങ്കാളിയും ഓടിച്ച് കൊണ്ടിരുന്ന ജെറ്റ് സ്കീയിലേക്കാണ് പെൺകുട്ടികളുടെ ജെറ്റ് സ്കീ ഇടിച്ച് കയറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 47കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്രാൻസിലെ നിയമങ്ങൾ അനുസരിച്ച് 16 വയസ് പൂർത്തിയാകാതെ ബോട്ടിംഗ് ലൈസൻസ് നേടാനാവില്ല. ഇരട്ടക്കുട്ടികൾക്ക് ലൈസൻസുണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ജെറ്റ് സ്കീയിലുണ്ടായിരുന്നവർ വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയിൽ മക്കൾ ഓടിച്ച ജെറ്റ്സ്കീയ്ക്ക് അടിയിലേക്കാണ് 47കാരി വീണത്. 47കാരിയെ കരയ്ക്കെത്തിച്ച് എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെറ്റ് സ്കീ ഓടിച്ചിരുന്നവർ ഹെൽമറ്റ് ധരിച്ചിരിന്നോയെന്നതിൽ ഇനിയും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ മേഖലയിൽ വാടകയ്ക്ക് നൽകുന്ന ജെറ്റ് സ്കീകൾക്ക് വേഗം നിയന്ത്രണം ബാധകമാണ്. എന്നാൽ അപകടത്തിൽപ്പെട്ട ജെറ്റ് സ്കീകളുടെ വേഗതയും വിശദമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം