കപ്പൽ തുറമുഖത്ത് അടുത്തപ്പോഴാണ് അതിന്റെ മുൻഭാഗത്തെ തള്ളിനിൽക്കുന്ന ഘടനയ്ക്ക് മുകളിൽ തിമിംഗിലത്തിന്റെ ശരീരം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അലാസ്ക: തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ മുൻഭാഗത്ത് വംശനാശ ഭീഷണി നേരിടുന്ന തിമിംഗലത്തിന്റെ മൃതദേഹം. 61 അടി നീളമുള്ള ചിറകൻ തിമിംഗലത്തിന്റെ മൃതദേഹമാണ് കപ്പലിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള തിമിംഗലങ്ങളുടെ വിഭാഗത്തിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ചിറകൻ തിമിംഗലങ്ങൾക്കുള്ളത്. ഒരു ബാസ്കറ്റ് ബോൾ കോർട്ടിനേക്കാൾ വലുപ്പമുള്ള ഈ തിമിംഗലം ഗർഭിണിയാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. കപ്പലുകൾ ഇടിച്ച് നിരന്തരമായി കൊല്ലപ്പെടുന്ന ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് തെക്കൻ അലാസ്കയിലെ സെവാർഡ് തുറമുഖത്ത് തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന്റെ മരണകാരണം കണ്ടെത്താനായി പോസ്റ്റ്മോർട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അധികൃതരുള്ളത്. കപ്പൽ തുറമുഖത്ത് അടുത്തപ്പോഴാണ് അതിന്റെ മുൻഭാഗത്തെ തള്ളിനിൽക്കുന്ന ഘടനയ്ക്ക് മുകളിൽ തിമിംഗിലത്തിന്റെ ശരീരം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് വിഭാഗവും അലാസ്ക സീലൈഫ് സെന്ററും സംയുക്തമായാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഈ പരിശോധനയിലാണ് ചത്ത തിമിംഗിലം ഗർഭിണിയായിരുന്നു എന്ന ദയനീയമായ വിവരം പുറത്തുവന്നത്. ശാസ്ത്രജ്ഞർക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കാനും കൃത്യമായ പരിശോധനകൾ നടത്താനും സൗകര്യമൊരുക്കുന്നതിനായി പൊതുജനങ്ങൾ ആ കടൽത്തീരത്തേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തദ്ദേശീയരായ അലാസ്ക നിവാസികൾക്ക് പരമ്പരാഗത കരകൗശല ആവശ്യങ്ങൾക്കല്ലാതെ മറ്റാർക്കും ഈ തിമിംഗിലത്തിന്റെ ശരീരഭാഗങ്ങളോ കോശങ്ങളോ ശേഖരിക്കാൻ നിയമപരമായി അനുമതിയില്ലെന്നും അവർ വ്യക്തമാക്കി. അടുത്ത കാലത്തായി ന്യൂജേഴ്‌സിയിലും അലാസ്കയിലും സമാനമായ രീതിയിൽ കപ്പലുകളിൽ കുടുങ്ങി ഫിൻ തിമിംഗിലങ്ങൾ ചത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


