''എന്തെങ്കിലും കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെടണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. ആ ആഗ്രഹം അത്രമേല്‍ സന്തോഷത്തോടെ അവരിന്ന് ആസ്വദിച്ചു...''
മാഞ്ചസ്റ്റര്‍: യാത്ര പോകാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനുമൊക്കെ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് കേട്ടിട്ടുണ്ടാകും. എന്നാല്‍ 93 വയസ്സുള്ള ജോസീ സ്മിത്ത് എന്ന മുത്തശ്ശിയുടെ ആഗ്രഹം വളരെ വിചിത്രമായിരുന്നു. ഇത്ര കാലവും ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത മുത്തശ്ശിക്ക് പൊലീസ് തന്നെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആഗ്രഹം. ആരോഗ്യം ദിവസം തോറും മോശമാകുകയാണ്. അതിന് മുമ്പ് തന്‍റെ ആഗ്രഹം സാധിച്ച് തരാന്‍ മുത്തശ്ശി ആവശ്യപ്പെട്ടു. ഒരു മടിയും കൂടാതെ മക്കളും കൊച്ചു മക്കളും കൂടെ നിന്നു. ഒപ്പം യുകെ പൊലീസും.
യുകെയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. സന്തോഷത്തോടെ , പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി കയ്യാമം വച്ച് നില്‍ക്കുന്ന ഫോട്ടോ കൊച്ചുമകളായ പാം സ്മിത്ത് ട്വിറ്ററില്‍ പങ്കുവച്ചു. മുത്തശ്ശിയുടെ ആഗ്രഹം സാധിച്ച് നല്‍കിയതിന് പൊലീസിന് നന്ദി പറയുന്നതായിരുന്നു പാം സ്മിത്തിന്‍റെ ട്വീറ്റ്. ഇതോടെ സോഷ്യല്‍ മീഡിയ മുത്തശ്ശിയെ ഏറ്റെടുത്തു.
'' അവര്‍ക്ക് 93 വയസായിരിക്കുന്നു. ആരോഗ്യം ദിനംപ്രതി ക്ഷയിച്ച് വരികയാണ്. എന്തെങ്കിലും കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെടണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. ആ ആഗ്രഹം അത്രമേല്‍ സന്തോഷത്തോടെ അവരിന്ന് ആസ്വദിച്ചു. അവരുടെ ആഗ്രഹം സാക്ഷാത്കരിച്ചതിന് നന്ദി'' പാം സ്മിത്ത് കുറിച്ചു. ആയിരത്തിലേറെ പേരാണ് ഇത് റീ ട്വീറ്റ് ചെയ്ത്.
തുടര്‍ന്ന് മറ്റൊന്നുകൂടി പാം ട്വീറ്റ് ചെയ്തു; മുത്തശ്ശി ഒരിക്കലും ഒരു കുറ്റവും ചെയ്തിട്ടില്ല. ജീവിതത്തിലാദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് മുത്തശ്ശി ആസ്വദിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. 'അസാധാരണമായ ആവശ്യം' എന്നായിരുന്നു പൊലീസ് മുത്തശ്ശിയുടെ ആഗ്രഹത്തെ വിശേഷിപ്പിച്ചത്.

ഇതാദ്യമായല്ല ഒരു മുതിര്‍ന്ന പൗരന്‍റെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് സേന അംഗീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 104 വയസ്സുള്ള ആന്‍ ബ്രോക്കന്‍ ബ്രോയുടെ അറസ്റ്റ് ചെയ്യണമെന്ന 'വിചിത്ര ആവശ്യം' ബ്രിസ്റ്റള്‍ പൊലീസ് അംഗീകരിച്ചിരുന്നു.
