കത്തിക്കരിഞ്ഞ സൈക്കിള്‍, പാതികരിഞ്ഞ മരക്കഷ്ണങ്ങള്‍, ഫയര്‍ അലാം എന്നിവയെല്ലാം ഈ ക്രിസ്മസ് ട്രീയിലുണ്ട്... 

സിഡ്നി: ഈ ക്രിസ്മസ് ട്രീ അബദ്ധത്തില്‍ തീപടര്‍ന്ന് കത്തിക്കരിഞ്ഞതല്ല, ഓസ്ട്രേലിയയെ തകര്‍ത്തെറിയാനെത്തിയ കാട്ടുതീയുടെ പ്രതീകമായി ആ നാട്ടുകാര്‍ നിര്‍മ്മിച്ചത്. രാജ്യത്ത് പലയിടങ്ങളിലായി പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ നടുങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയക്കാര്‍. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനല്‍ ഡിസ്ട്രിക്റ്റിലാണ് അവരുടെ വീടും ജീവിതത്തിലെ പ്രധാനപ്പെട്ടതെല്ലാം എടുത്ത കാട്ടുതീയുടെ പ്രതീകം നിര്‍മ്മിച്ചിരിക്കുന്നത്. 

കത്തിക്കരിഞ്ഞ സൈക്കിള്‍, പാതികരിഞ്ഞ മരക്കഷ്ണങ്ങള്‍, ഒരു ഫയര്‍ അലാം എന്നിവയെല്ലാം ഈ ക്രിസ്മസ് ട്രീയിലുണ്ട്. എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാട്ടുതീയുടെ നടുക്കം നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനാണ് രാജ്യം മുഴുവന്‍ ശ്രമിക്കുന്നത്. മാസങ്ങള്‍ക്കിടെ 700 ഓളം വീടുകളും 30 ലക്ഷം ഏക്കര്‍ കൃഷി സ്ഥലവുമാണ് കാട്ടുതീയില്‍ നശിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാട്ടുതീയുടെ നാലാം ദിവസമാണ് വെള്ളിയാഴ്ച കടന്നുപോയത്. 

പ്രകൃതി വാതകം, കല്‍ക്കരി, എണ്ണ എന്നിവ ഉത്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. തുടര്‍ച്ചയായുണ്ടാകുന്ന കാട്ടുതീ ഇവരുടെ ജീവിതസാഹചര്യങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ ഇത് സാധാരണമാണെന്ന് പറഞ്ഞ് ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. 

സ്കൂളുകള്‍ക്കെല്ലാം ക്രിസ്മസിനോടനുബന്ധിച്ച് അവധിയാണ്. ഇതോടെ സിഡ്നി അടക്കമുള്ള സ്ഥലങ്ങളില്‍ അവധിയാഘോഷിക്കാന്‍ ആളുകള്‍ എത്തുന്നതിനിടെയാണ് കാട്ടുതീ കാരണം പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചത്. കനത്ത പുക പടര്‍ന്ന് സിഡ്ന അടക്കമുള്ള നഗരങ്ങളില്‍ അന്തരീക്ഷം മലിനമായിരിക്കുകയാണ്. 

ദക്ഷി ഓസ്ട്രേലിയയില്‍ മാത്രം 120 ലേറെ തീപിടിത്തമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റെക്കോര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ പലയിടത്തും അനുഭവപ്പെടുന്നത്. ഉഷ്ണവാതത്തെ തുടര്‍ന്ന് ന്യൂസൗത്ത് വെയില്‍സില്‍ അധികൃതര്‍ ഏഴ് ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.