തുർക്കി ചർച്ചയിൽ, അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഒരു വിദേശ രാജ്യവുമായി കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. പാക്-താലിബാൻ ആക്രമണമുണ്ടായാൽ അഫ്ഗാനിസ്ഥാനിൽ തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് അംഗീകരിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.
ഇസ്‌ലാമാബാദ്: അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഒരു "വിദേശ രാജ്യവുമായി" കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തുർക്കി ചർച്ചകളിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാക്-താലിബാൻ പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുമ്പോൾ അഫ്ഗാൻ മണ്ണിൽ തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അഫ്ഗാൻ 'അംഗീകരിക്കണം' എന്ന് പാകിസ്ഥാൻ ചർച്ചകളിൽ ആവശ്യപ്പെട്ടുവെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ്റെ നിർബന്ധിത കരാർ
ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് വിശദികരിക്കവെ, അത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ പാകിസ്ഥാന് കഴിയില്ലെന്നും, തങ്ങൾ വിദേശ രാജ്യവുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും കരാർ ലംഘിക്കാൻ സാധ്യമല്ല" എന്നും പാകിസ്ഥാൻ പ്രതിനിധി സംഘം സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കരാറിൽ ഏർപ്പെട്ട "വിദേശ രാജ്യം" ഏതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. ചർച്ചയിൽ ഒരു വ്യക്തമായ നിലപാട് അവതരിപ്പിക്കുന്നതിന് പകരം, പാകിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഏകോപനം ഉണ്ടായിരുന്നില്ല, അവർ പിന്മാറാനാണ് കൂടുതൽ താൽപ്പര്യം കാണിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
ഇസ്‌ലാമിക് എമിറേറ്റിൻ്റെ നിലപാട്
ടിടിപി പ്രശ്‌നം പാകിസ്ഥാന്‍റെ ദീര്‍ഘകാലമായുള്ള ആഭ്യന്തര പ്രശ്‌നമാണ്, അല്ലാതെ അഫ്ഗാനിസ്ഥാനുമായി ബന്ധമുള്ള വിഷയമല്ലെന്നാണ് ഇസ്‌ലാമിക് എമിറേറ്റിൻ്റെ പ്രതിനിധി സംഘം വാദിക്കുന്നത്. വെടിനിർത്തൽ ചർച്ചകളിൽ ഇരു രാജ്യങ്ങൾക്കും ഒരു ധാരണയിലെത്താൻ കഴിയുന്നില്ലെന്നും, ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിലെ ചർച്ചകളുടെ സ്ഥിതിയെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.


