എഐ ഉപയോഗിച്ച് പുത്തൻ കണ്ടെത്തൽ നടത്തിയെന്ന അവകാശവാദവുമായി എഐ രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് രംഗത്ത്. തങ്ങളുടെ ക്ലോഡ് എഐ ഉപയോഗിച്ച് ബാക്ടീരിയോഫേജുകളുടെ ഡിഎൻഎയിൽ പുതിയ എൻസൈം സിസ്റ്റം കണ്ടെത്തിയെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സാൻ ഫ്രാൻസിസ്കോ: ബയോളജി റിസർച്ച് ലാബുണ്ടെന്ന് സ്ഥിരീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക്. തങ്ങളുടെ ക്ലോഡ് എഐ ഉപയോഗിച്ച് പുത്തൻ കണ്ടെത്തൽ നടത്തിയെന്നും പ്രഖ്യാപനം. ബാക്ടീരിയോഫേജുകളുടെ ഡിഎൻഎയിൽ പുതിയ എൻസൈം സിസ്റ്റം കണ്ടെത്തിയെന്നാണ് അവകാശവാദം. ക്രിസ്പറിനോട് സമാനമായ ഘടനയാണെന്നാണ് ആന്ത്രോപിക് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ പുതിയ എൻസൈം സിസ്റ്റത്തിന്റെ ഉപയോഗം എന്തെന്ന് കണ്ടെത്തിയിട്ടില്ല. ക്രിസ്പറിന് സമാനമായ രീതിയിൽ ഉപയോഗപ്പെടുത്താനാകുമോ എന്ന് പരിശോധിക്കുന്നതായി ആന്ത്രോപിക് അറിയിച്ചു.

ബാക്ടീരിയകളെ ആക്രമിക്കുന്ന 'ബാക്ടീരിയോഫേജ്' എന്ന വൈറസുകളുടെ ഡിഎൻഎയിൽ ഒളിഞ്ഞിരുന്ന, ഇതുവരെ കണ്ടെത്താനാകാത്ത ഒരു എൻസൈം സിസ്റ്റം കണ്ടെത്തിയെന്നാണ് ആന്ത്രോപിക്കിൻ്റെ അവകാശവാദം. നിലവിൽ ജീൻ എഡിറ്റിങ്ങിനായി ഗവേഷകർ ഉപയോഗിക്കുന്ന ക്രിസ്പർ സാങ്കേതികവിദ്യ പോലെ തന്നെ, ഡിഎൻഎ മുറിക്കാനും, പകർപ്പെടുക്കാനും, ഒട്ടിക്കാനും ഈ പുതിയ സിസ്റ്റത്തിന് സാധിക്കുമെന്ന് ആന്ത്രോപിക്കിന്റെ ഗവേഷകർ അവകാശപ്പെടുന്നു.

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലാണ് ആന്ത്രോപിക്കിന്റെ ബയോളജി ലാബ് പ്രവർത്തിക്കുന്നത്. ഏതാനും മാസങ്ങൾ മാത്രം പഴക്കമുള്ള ഈ ലാബിൽ വെറും 21 മണിക്കൂർ നീണ്ട തീവ്രശ്രമത്തിലൂടെയാണ് പുതിയ കണ്ടെത്തൽ നടത്തിയതെന്നാണ് ആന്ത്രോപിക്കിൻ്റെ അവകാശവാദം. കണ്ടെത്തൽ പൂർണമായും പുതിയതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്ര സമൂഹത്തിന്റെ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ആന്ത്രോപിക് സിഇഒ ദാരിയോ അമോഡി വ്യക്തമാക്കി. മുൻപ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഇതിന് സമാനമായ ഒരു സിസ്റ്റം കണ്ടെത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.