ചരിത്രത്തിലാദ്യമായി വടക്കുകിഴക്കൻ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും ഓഗസ്റ്റ് മുതൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ഈ നീക്കം മേഖലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാവുകയും ടൂറിസം, വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
ദുബായ്: വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ഗുവാഹത്തി-ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി-അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
പുതിയ റൂട്ടുകൾ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തെ യുഎഇയുമായി ബന്ധിപ്പിക്കും. ഈ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ യുഎഇ, തായ്‌ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സൗകര്യം ലഭ്യമാകും. ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ അന്താരാഷ്ട്ര യാത്രകൾക്കായി ഇതുവരെ ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ കണക്റ്റിംഗ് ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിധി വരെ പരിഹാരമാകും.
ഗുവാഹത്തിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ അന്താരാഷ്ട്ര സർവീസുകളാണിത്. നിലവിൽ ഗുവാഹത്തിയിൽ നിന്ന് ആഴ്ചയിൽ 120-ഓളം ആഭ്യന്തര സർവീസുകൾ എയർലൈൻ നടത്തുന്നുണ്ട്. പുതിയ റൂട്ടുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.
ദുബായ്, അബുദാബി സർവീസുകൾ കൂടി എത്തുന്നതോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ നാല് പ്രധാന സ്റ്റേഷനുകളായ ദിബ്രുഗഡ്, ദിമാപൂർ, ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിൽ നിന്നായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിവാര സർവീസുകളുടെ എണ്ണം 290 കടക്കും. പുതിയ റൂട്ടുകൾ ഈ മേഖലയിലെ ടൂറിസം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രമുഖ ബുക്കിങ് ചാനലുകളിലും ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നൂറിലധികം വിമാനങ്ങളുമായി 43 ആഭ്യന്തര സർവീസുകളും 16 രാജ്യാന്തര സർവീസുകളുമാണ് നടത്തിവരുന്നത്.
കമ്പനിയുടെ ‘ടേൽസ് ഓഫ് ഇന്ത്യ’ എന്ന പദ്ധതിയുടെ ഭാഗമായി പ്രാദേശിക കലാരൂപങ്ങളും സാംസ്കാരിക ചിഹ്നങ്ങളും വിമാനങ്ങളുടെ ഡിസൈനുകളിൽ എയർലൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. അസമിന്റെ പരമ്പരാഗത വസ്ത്രമായ 'ഗമോസ', തൊപ്പിയായ 'ജാപ്പി' എന്നിവയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റ് പരമ്പരാഗത കലാരൂപങ്ങളും വിമാനങ്ങളുടെ ടെയിൽ ഡിസൈനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.


