ചർച്ചയായി ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവിന്റെ മകളുടെ വിവാഹ വീഡിയോ. ഷംഖാനിയുടെ മകൾ വെളുത്ത ഓഫ്-ഷോൾഡർ ഗൗൺ ധരിച്ചിരിക്കുന്നത് കാണാം. പാശ്ചാത്യരീതിയിലുള്ള വസ്ത്ര ധാരണത്തിന് പുറമേ, വധുവടക്കമുള്ളവർ ശിരോവസ്ത്രമില്ലാതെയാണ് കാണപ്പെടുന്നത്.

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകളുടെ വിവാഹ വീഡിയോ പുറത്തുവന്നതോടെ വിവാദം. സോഷ്യൽ മീഡിയയിൽ അടുത്തിടെ വീണ്ടും പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഷംഖാനിയുടെ മകൾ വെളുത്ത ഓഫ്-ഷോൾഡർ ഗൗൺ ധരിച്ചിരിക്കുന്നത് കാണാം. പാശ്ചാത്യരീതിയിലുള്ള വസ്ത്ര ധാരണത്തിന് പുറമേ, വധുവടക്കമുള്ളവർ ശിരോവസ്ത്രമില്ലാതെയാണ് കാണപ്പെടുന്നത്. സാധാരണ ജനങ്ങളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുമ്പോൾ ഉന്നതർക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്നതാണ് വീഡിയോ കാണിക്കുന്നതെന്നാണ് പ്രധാന വിമർശനം. വധുവിന്റെ പിതാവായ ഷംഖാനി മകളുടെ കൈപിടിച്ച് ഹാളിലേക്ക് നയിക്കുന്നത് കാണാം. 

പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകളുടെ രീതികളെ അനുസ്മരിപ്പിക്കുന്നതാണ് ചടങ്ങുകൾ. പാശ്ചാത്യ സംസ്കാരത്തെ ഒഴിവാക്കുകയും ഇസ്ലാമിക ആചാരങ്ങൾ പിന്തുടരണമെന്നും ഭരണാധികാരികൾ ആവശ്യപ്പെടുന്ന സമയത്താണ് ഉന്നതന്റെ മകളുടെ വിവാഹം പാശ്ചാത്യ രീതിയിൽ നടന്നതെന്നും വിമർശകർ പറയുന്നു. സാധാരണ പൗരന്മാർക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഭരണകൂടം അനുവദിക്കുന്നില്ലെന്ന് നിരവധി പൗരന്മാർ വിമർശിച്ചിട്ടുണ്ട്. നിർബന്ധിത ഹിജാബ് പാലിക്കാത്തതിന് ഇറാനിൽ കഫേകൾ, റെസ്റ്റോറന്റുകൾ, ഹാളുകൾ എന്നിവ അധികൃതർ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും ചെലവേറിയ ഹോട്ടലുകളിൽ ഒന്നായ ടെഹ്‌റാനിലെ എസ്പിനാസ് പാലസ് ഹോട്ടലിലാണ് ആഡംബര വിവാഹം നടന്നത്. 

ഉപരോധങ്ങൾ, ദുർഭരണം, സാമ്പത്തിക അഴിമതി എന്നിവ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉപജീവന പ്രശ്‌നങ്ങളും ഇറാനിലെ ജനങ്ങൾ നേരിടുമ്പോഴാണ് ആഡംബര വിവാഹം. ഇറാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷമാണ് ചടങ്ങ് നടന്നത്. ഇറാനിയൻ പത്രമായ അർമാൻ മെല്ലി ആഡംബര വിവാഹത്തെ രൂക്ഷമായി വിമർശിച്ചു. എസ്പിനാസ് ഹോട്ടലിൽ ഒരു വിവാഹം നടത്താൻ ഏകദേശം 1.4 ബില്യൺ ടോമൻ ചിലവാകും.

Scroll to load tweet…