ടാപ്പിങ് കഴിഞ്ഞ് സ്ഥലത്ത് പരിശോധിച്ചപ്പോള്‍ മൂന്നു തേന്‍ പെട്ടികള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു

മലപ്പുറം: അമരമ്പലത്ത് നാട്ടുകാർക്ക് ഭീതിയായി വിണ്ടും കരടിയുടെ സാന്നിധ്യം. തിങ്കളാഴ്ച പുലര്‍ച്ചെ പൂക്കോട്ടുംപാടം പറമ്പയിലാണ് കരടിയെത്തി തേന്‍പ്പെട്ടികള്‍ തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് കരടി കല്ലിരിക്കും കാലായില്‍ എബിയുടെ വീട്ടുപരിസരത്തെ കൃഷിയിടത്തിലെത്തിയത്. അസാധാരണമായ ശബ്ദം കേട്ട് പുറത്തു വന്നപ്പോള്‍ കറുത്ത ജീവി ഓടിപ്പോകുന്നത് കണ്ടതായി എബി പറയുന്നത്. രാവിലെ ടാപ്പിങ് കഴിഞ്ഞ് സ്ഥലത്ത് പരിശോധിച്ചപ്പോള്‍ മൂന്നു തേന്‍ പെട്ടികള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്ത് കരടിയുടെ കാല്‍പ്പാടുകളും പതിഞ്ഞതായി എബി പറഞ്ഞു. ടി.കെ കോളനി, തേള്‍പ്പാറ എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം വരെ കരടിയുടെ ശല്യം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ കെണി സ്ഥാപിച്ചെങ്കിലും തേള്‍പ്പാറയില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കരടി കൂട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.

മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിന്നൊരു കരടിയെ പിടികൂടി ഉള്‍ വനത്തിലേക്ക് വിടുകയും ചെയ്തിരുന്നു. ചുള്ളിയോട് വരെ കരടിയുടെ സാന്നിധ്യം നേരത്തേ ഉണ്ടായിരുന്നെങ്കിലും പറമ്പയില്‍ ഇതാദ്യമായാണ്. തേന്‍പ്പെട്ടികളെ ലക്ഷ്യമിട്ടുള്ള കരടിയുടെ വരവ് ആശങ്ക ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവ സ്ഥലം വാര്‍ഡ് പഞ്ചായത്ത് അംഗം എം.എ. റസാഖ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം