94 ലക്ഷം രൂപയിലേറെ വില വരുന്ന ആഡംബര വാഹനമായ പോർഷെ പനാമേരയുടെ വിൻഡ്ഷീൽഡ് തകർത്ത എൽക്ക് 30കാരിയുടെ തലയിൽ ഇടിക്കുകയായിരുന്നു
മോസ്കോ: കാറിന്റെ ഗ്ലാസ് തകർത്ത് കൂറ്റൻ മാൻ. നിയന്ത്രണം വിട്ട കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒരുമാസത്തോളം അത്യാഹിത വിഭാഗത്തിൽ. മുൻ വിശ്വസുന്ദരി സ്ഥാനാർത്ഥിയും റഷ്യൻ മോഡലുമായ ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ അന്തരിച്ചു. വിവാഹം കഴിഞ്ഞ നാലാം മാസത്തിലാണ് അതിദാരുണമായ അന്ത്യം. വെള്ളിയാഴ്ച 30ാം വയസിലാണ് യുവമോഡലിന്റെ അന്ത്യം. റഷ്യയിലെ ടെവർ ഒബ്ലാസ്റ്റിൽ വച്ചാണ് 30കാരിയും ഭർത്താവും സഞ്ചരിച്ച വാഹനത്തിലേക്ക് എൽക്ക് എന്നയിനം വലുപ്പമേറിയ മാൻ ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇവരുടെ കാറിന്റെ ചില്ല് തകരുകയും വാഹനം അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. വിശ്വസുന്ദരി മത്സരത്തിലെ പങ്കാളിത്തത്തിന് ശേഷം മോഡലിംഗിലും മാനസികാരോഗ്യ രംഗത്തെ പ്രവർത്തനത്തിലും സജീവമായിരുന്നു ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ.
ജൂലൈ 5നാണ് ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ അപകടത്തിൽപ്പെടുന്നത്. 30കാരിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഭർത്താവിന് നിസാരപരിക്കുകളാണ് സംഭവിച്ചത്. മുഖത്തെ എല്ലുകളും തലയോട്ടിയും തകർന്ന അവസ്ഥയിലാണ് ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവയെ ആശുപത്രിയിലെത്തിക്കുന്നത്.
94 ലക്ഷം രൂപയിലേറെ വില വരുന്ന ആഡംബര വാഹനമായ പോർഷെ പനാമേരയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. 2025 മാർച്ച് 22നാണ് ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ വിവാഹിതയായത്. 2017ൽ ലാസ് വേഗസിൽ നടന്ന വിശ്വസുന്ദരി മത്സരത്തിൽ അവസാന 16 പേരിൽ ഒരാളായിരുന്നു ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ.


