ഹിന്ദിയിൽ സംസാരിച്ചും ഇന്ത്യൻ രീതിയിൽ ഇളനീർ വിൽക്കുന്ന ബ്രിട്ടീഷ് യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ലണ്ടൻ: തെരുവുകളിൽ ഇളനീര്‍ വിൽക്കുന്ന ബ്രിട്ടീഷ് യുവാവിന്റെ വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്ലിപ്പിൽ അദ്ദേഹം ഇളനീര്‍ ചെത്തി നൽകുന്നതും, ഹിന്ദിയിൽ സംസാരിക്കുന്നതും കാണാം. ഞാൻ ഇന്ത്യയിലാണോ തോന്നിപ്പിക്കുന്നതായിരുന്നു വീഡിയോ. ഇന്ത്യൻ തെരുവുകളിൽ കാണുന്നതിന് സമാനമായി കത്തി ഉപയോഗിച്ച് തേങ്ങ ചെത്തി നൽകുന്നു, ഒരു കാറിന്റെ പിൻ ഭാഗത്ത് ക്രമീകരിച്ചിട്ടുള്ള പ്രത്യേക സെറ്റപ്പിൽ ഇളനീര്‍ വിൽക്കുന്നു. ഇളനീര്‍ വിൽപ്പനയ്ക്കുള്ള മാര്‍ക്കറ്റിങ് നടത്തുന്നതാകട്ടെ ഹിന്ദിയിലാണ്. ഉറക്കെ "ലേ ലോ (ഇത് എടുക്കൂ)"എന്ന് അദ്ദേഹം പറയുന്നു. ഒറിജിനൽ കരിക്ക് കുടിക്കാൻ വരൂ എന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി യുവാവ് പറയുന്നു.
ഒരാൾക്ക് കരിക്ക് കൈമാറുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. കൂടുതൽ പേരെ ആകര്‍ഷിക്കാൻ "നാരിയൽ പാനി പീ ലോ" എന്ന് വിളിച്ചുപറയുന്നു. കരിക്കിന്റെ ഒരു ഭാഗം ചെത്തി, ദ്വാരമുണ്ടാക്കി അത് കസ്റ്റമര്‍ക്ക് നൽകുന്നു. ഇന്ത്യൻ കച്ചവടക്കാർ തങ്ങളുടെ ഒരു പ്രത്യേക ഈണത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതുപോലെ, "ജൽദി ജൽദി (വേഗം വേഗമാകട്ടെ" എന്ന് ബ്രിട്ടീഷ് യുവാവ് വിളിച്ചുപറയുന്നതും കൗതുകകരമായ വീഡിയോയിലുണ്ട്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് ശേഷം 1.1 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. 44,000-ൽ അധികം ലൈക്കുകളും നേടിയിട്ടുണ്ട്. ആളുകൾ രസകരമായാണ് വീഡിയോയെ സമീപിക്കുന്നത്. ബ്രിട്ടീഷുകാർ പോലും ഇപ്പോൾ ഹിന്ദി പഠിക്കുകയാണെന്നായിരുന്നു പലരുടെയും തമാശ. അദ്ദേഹത്തിന് ആധാർ കാർഡ് നൽകൂ എന്നായിരുന്നു മറ്റൊരാളുടെ രസകരമായ നിര്‍ദേശം.
അതേസമയം, കഴിഞ്ഞ വർഷം, കൊൽക്കത്തയിലെ ജാൽമുറി റൈസിന്റെ തനത് രുചി യുകെയിലേക്ക് എത്തിച്ച ഒരു ബ്രിട്ടീഷുകാരന്റെ വീഡിയോ വൈറലായിരുന്നു. പച്ചക്കറികളും, പഫ്ഡ് റൈസും സുഗന്ധ വ്യഞ്ജനങ്ങൾ ചേര്‍ത്തുണ്ടാക്കുന്ന ജാൽമുറി റൈസും ചട്ണിയും കൊൽക്കത്തയിലെ ഒരു ജനപ്രിയ തെരുവ് ഭക്ഷണമാണ്. ഇന്ത്യയിലെ തെരുവ് ഭക്ഷണ വണ്ടികളെ അനുസ്മരിപ്പിക്കുന്ന ഒരു വണ്ടി ഉരുട്ടിക്കൊണ്ടായിരുന്നു യുവാവിന്റെ ജാൽമുറി വിൽപ്പന.