ഫ്ലോറിഡ: രസകരമായ മോഷണരീതികള്‍ പിന്തുടരുന്ന മോഷ്ടാക്കളുടെ കഥകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഫ്ലോറിഡയില്‍ നിന്നുള്ള ഒരു വിചിത്രനായ കള്ളനാണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. വീട് കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും മോഷ്ടിച്ചില്ല പകരം പോയത് അടുക്കളയിലേക്കാണ്.  വീട്ടുടമസ്ഥനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പകരം മോഷ്ടാവ് പറഞ്ഞു, 'നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ, ഞാന്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് പൊയ്‍‍ക്കോളാം'!

19 വയസ്സുള്ള ഗാവിന്‍ കാര്‍വിനെന്ന യുവാവാണ് അനധികൃതമായി വീടിനുള്ളില്‍ കടന്നത്. വെളുപ്പിന് നാലുമണിക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു മോഷ്ടാവ്. ശബ്ദം കേട്ട് വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം പൊയ്ക്കോളാമെന്ന് ഇയാള്‍ മോഷ്ടാവ് മറുപടി പറഞ്ഞത്. എന്നാല്‍ ഭയന്ന വീട്ടുകാര്‍ 911 എന്ന നമ്പരില്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കാര്‍വിനെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലാകാം ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് പൊലീസിന്‍റെ നിഗമനം.