പാക് അധീന കശ്മീരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, രാഷ്ട്രീയ അവകാശങ്ങൾ എന്നിവ ഉന്നയിച്ചുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സർക്കാർ സംഘടനയെ നിരോധിക്കുകയും പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ദില്ലി: പാക് അധീന കശ്മീരിൽ നിരോധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്താൻ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. എഴുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാവലകോട്ട് നഗരത്തിൽ ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ഹർത്താലിന് മുന്നോടിയായാണ് പ്രദേശത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. അക്രമങ്ങളെ തുടർന്ന് പാക് അധീന കശ്മീരിൽ ഉടനീളം കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. അക്രമികളുടെ വെടിയേറ്റ് 4 പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 6 പ്രതിഷേധക്കാരും മരണപ്പെട്ടു. ഇതോടെയാണ് ആകെ മരണസംഖ്യ 11 ആയത്. പൂഞ്ച് സെക്ടർ കമ്മീഷണർ സർദാർ വഹീദ് ഖാനാണ് മരണസംഖ്യ പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

23 സുരക്ഷാ ഉദ്യോഗസ്ഥർക്കും അൻപതോളം പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജെഎഎസി അനുകൂലികൾ തടിച്ചുകൂടിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചപ്പോൾ പ്രതിഷേധക്കാർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. എന്നാൽ സർക്കാർ തങ്ങളുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ജെഎഎസി നേതാക്കൾ ആരോപിക്കുന്നു.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി കശ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ്. കടുത്ത വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ വിഭവങ്ങൾ പാകിസ്താൻ ചൂഷണം ചെയ്യൽ എന്നിവയ്ക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു. ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, കശ്മീരിന് പുറത്ത് പാകിസ്താന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം. ഇത് പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുമെന്ന് ജെഎഎസി ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പാക് ഭരണകൂടം ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജൂൺ 9-ലെ ഹർത്താലിന് മുന്നോടിയായി പ്രദേശത്തുനിന്ന് മാറിനിൽക്കാൻ വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് പാക് അധീന കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.