ചൈനീസ് തീരക്കടലില്‍ നിന്ന് തൊടുത്താല്‍ പോലും അമേരിക്കന്‍ വന്‍കരയിലെ ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ജെ.എല്‍-3 മിസൈലുകള്‍. ജിന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട ആറ് ആണവ അന്തര്‍വാഹിനികളാണ് നിലവില്‍ ചൈന പ്രധാനമായും ഉപയോഗിക്കുന്നത്.

ബീജിംഗ്: അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ പരീക്ഷിച്ച് ചൈന. ഈ നീക്കം മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അയല്‍രാജ്യങ്ങളായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ അന്തര്‍വാഹിനിയില്‍ നിന്നാണ് ഡമ്മി യുദ്ധമുന ഘടിപ്പിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ വിക്ഷേപിച്ചതെന്ന് ചൈനീസ് സൈനിക വക്താവ് അറിയിച്ചു. ഇത് വാര്‍ഷിക സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് കാര്യം മാത്രമാണെന്നും ബന്ധപ്പെട്ട രാജ്യങ്ങളെ മുന്‍കൂട്ടി വിവരമറിയിച്ചിരുന്നതായും ചൈന അവകാശപ്പെട്ടു. എന്നാല്‍ ഏത് തരം മിസൈലാണ് പരീക്ഷിച്ചതെന്ന് വെളിപ്പെടുത്താന്‍ ചൈന തയ്യാറായിട്ടില്ല.

ചൈനയുടെ പക്കല്‍ നിലവില്‍ ജെ.എല്‍-2 ജെ.എല്‍-3 എന്നീ രണ്ട് തരം സബ്മറൈന്‍ ബാലിസ്റ്റിക് മിസൈലുകളാണുള്ളത്. ചൈനീസ് തീരക്കടലില്‍ നിന്ന് തൊടുത്താല്‍ പോലും അമേരിക്കന്‍ വന്‍കരയിലെ ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ജെ.എല്‍-3 മിസൈലുകള്‍ എന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ജിന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട ആറ് ആണവ അന്തര്‍വാഹിനികളാണ് നിലവില്‍ ചൈന പ്രധാനമായും ഉപയോഗിക്കുന്നത്.

1986-ലെ രാരൊതോംഗ കരാര്‍ പ്രകാരം ആണവമുക്ത മേഖലയായി പ്രഖ്യാപിച്ച സൗത്ത് പസഫിക് മേഖലയിലാണ് ചൈന മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ന്യൂസിലാന്‍ഡ് കുറ്റപ്പെടുത്തി. ചൈനയുടെ നീക്കം മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിവ്യക്തമാക്കി.

മിസൈല്‍ പരീക്ഷണങ്ങള്‍ തങ്ങള്‍ക്ക് പതിവാണെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചൈന തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് സമുദ്രത്തില്‍ പരസ്യമായ പരീക്ഷണങ്ങള്‍ നടത്തുന്നത് അപൂര്‍വ്വമാണ്. 2024 സെപ്റ്റംബറിലും ചൈന പസഫിക് സമുദ്രത്തില്‍ ഒരു അന്തര്‍ഖണ്ഡ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ മാസങ്ങളില്‍ സമാനമായ രീതിയില്‍ സബ്മറൈന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.