Asianet News MalayalamAsianet News Malayalam

ലോകത്തിന്റെ കണ്ണീരായി പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും; പ്രസവ വാര്‍ഡിലെ ഭീകരാക്രമണത്തെ അപലപിച്ച് രാജ്യങ്ങള്‍

ശവസംസ്‌കാര ചടങ്ങിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അതേസമയം, ദഷ്ടി ബര്‍ച്ചി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
 

countries release statement condemning the attack against maternity ward in Kabul
Author
Kabul, First Published May 13, 2020, 3:25 PM IST

കാബൂള്‍: കാബൂളിലെ ആശുപത്രിയില്‍ നവജാത ശിശുക്കളും അമ്മമാരും നഴ്‌സുമാരുടക്കം 16 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയടക്കമുള്ള കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ആംനസ്റ്റി ഇന്റര്‍നാഷണലും പ്രതിഷേധവുമായി രംഗത്തെത്തി. പൊറുക്കാനാകാത്ത യുദ്ധക്കുറ്റമാണ് അഫ്ഗാനില്‍ നടന്നതെന്ന് ആംനസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു. പ്രസവ വാര്‍ഡും ശവസംസ്‌കാര ചടങ്ങും ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ ലോകം  ഉണരണമെന്നും ആംനസ്റ്റി പറഞ്ഞു. അമേരിക്ക, ജര്‍മ്മനി, യുകെ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇന്ത്യ നേരത്തെ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആശുപത്രിക്കുള്ളില്‍ പിഞ്ചുകുട്ടികളും അമ്മമാരും വെടിയേറ്റ് മരിച്ച് കിടക്കുന്ന ചിത്രം വാര്‍ത്താഏജന്‍സികള്‍ പുറത്തുവിട്ടു. 

നിരപരാധികള്‍ക്കു നേരെയുള്ള ഏതൊരാക്രമണവും മാപ്പര്‍ഹിക്കാത്തതാണെന്നും പ്രസവവാര്‍ഡില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും നേര നടത്തിയ ആക്രമണം പൈശാചികമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. ശവസംസ്‌കാര ചടങ്ങില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നവര്‍ക്കുനേരെയുള്ള ആക്രമണം കുടുംബങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണെന്നും തീവ്രവാദികളുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭീകരവാദ സംഘടനകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ നടപടി ആരംഭിച്ചെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി അറിയിച്ചു.  

ദഷ്ടി ബര്‍ച്ചി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് അഫ്ഗാനിസ്ഥാനെ നടുക്കി കാബൂളിലെ ആശുപത്രിയിലും നംഗര്‍ഹറിലെ ശവസംസ്‌കാര ചടങ്ങിലും സ്‌ഫോടനമുണ്ടായത്. ആശുപത്രിയിലെ പ്രസവവാര്‍ഡിലായിരുന്നു ആക്രമണം. രണ്ട് നവജാത ശിശുക്കളും 12 അമ്മമാരും നഴ്‌സുമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ശവസംസ്‌കാര ചടങ്ങിലെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് 140 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യാതൊരു പ്രകോപനവുമില്ലാതെ ആക്രമികള്‍ ആശുപത്രിക്കുള്ളില്‍ കയറി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരിടത്ത് ചാവേര്‍ സ്‌ഫോടനമാണ് നടത്തിയത്. പൊലീസ് യൂണിഫോമിലാണ് ആക്രമികളെത്തിയത്. ഏറെ നേരത്തെ പോരാട്ടത്തിനൊടുവില്‍ മുഴുവന്‍ ആക്രമികളെയും വധിച്ചുവെന്ന് അഫ്ഗാന്‍ പൊലീസ് അറിയിച്ചു. 

പ്രസവ വാര്‍ഡില്‍ തീവ്രവാദി ആക്രമണം; പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും ഉള്‍പ്പടെ 16 മരണം


 

Follow Us:
Download App:
  • android
  • ios