മെക്സിക്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള ടിയുഐ എയർവേസ് വിമാനത്തിലെ ശുചിമുറിയിൽ ദമ്പതികൾ പുകവലിച്ചതിനെ തുടർന്ന് വിമാനം യുഎസിലെ ബാങ്കോറിലേക്ക് വഴിതിരിച്ചുവിട്ടു. ഈ സംഭവം മൂലം യാത്ര 17 മണിക്കൂറിലധികം വൈകുകയും യാത്രക്കാർക്ക് ദുരിതം നേരിടേണ്ടിവരികയും ചെയ്തു.
ബാങ്കോർ: വിമാനത്തിന്‍റെ ശുചിമുറിയിൽ ദമ്പതികൾ പുകവലിച്ചത് കാരണം യുഎസിലെ ഒരു യാത്രാവിമാനം 17 മണിക്കൂറിലധികം വൈകിയതായി റിപ്പോർട്ട്. ജൂലൈ എട്ട് ചൊവ്വാഴ്ച മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ടിയുഐ എയർവേസ് വിമാനം ബിവൈ 49, മെയ്‌നിലെ ബാങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയത്. ശുചിമുറിയിൽ പുകവലിച്ച ദമ്പതികൾ മദ്യലഹരിയിലായിരുന്നെന്നും അവരെ കസ്റ്റഡിയിലെടുത്തെന്നും കരുതപ്പെടുന്നു. ആവശ്യമായ നടപടികൾ പൂർത്തിയായാലുടൻ വിമാനം പുറപ്പെടുമെന്ന് ശേഷിച്ച യാത്രക്കാരെ അറിയിച്ചു. എന്നാൽ, യാത്രക്കാർക്ക് അഞ്ച് മണിക്കൂറോളം കൂടി കാത്തിരിക്കേണ്ടി വന്നതായി 66 വയസുകാരനായ ബ്രിട്ടീഷ് യാത്രക്കാരൻ ടെറി ലോറൻസ് വെളിപ്പെടുത്തി. യഥാർത്ഥ വിമാനത്തിലെ ജീവനക്കാർക്ക് നിയമപരമായ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ യാത്ര തുടരാൻ സാധിച്ചില്ല. ഇതേത്തുടർന്ന്, യുകെയിൽ നിന്ന് യുഎസിലേക്ക് ഒരു റിലീഫ് വിമാനം അയയ്‌ക്കേണ്ടി വന്നു.
ഇവിടെ നിന്നാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. യാത്രക്കാരെ മിലിട്ടറി എയർബേസിന്‍റെ ഭാഗമായ, തിരക്കേറിയ ഒരു ലോഞ്ചിൽ തിക്കിഞെരുക്കി ഇരുത്തുകയായിരുന്നുവെന്ന് ലോറൻസ് പറഞ്ഞു. ഇതൊരു യുദ്ധക്കളം പോലെയായിരുന്നു. കഴുകൻമാർക്ക് വിട്ടുകൊടുത്തത് പോലെ. ലോഞ്ചിൽ നിരനിരയായി കിടക്കകളിട്ടിരുന്നുവെന്നും ലോറൻസ് കൂട്ടിച്ചേര്‍ത്തു. ഈ സമയം ലഗേജുകളെല്ലാം വിമാനത്തിൽ തന്നെയായിരുന്നു. അടുത്ത ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് അവർക്ക് ഒടുവിൽ പുറപ്പെടാൻ സാധിച്ചത്. മെയ്‌നിൽ ഇറങ്ങിയ ശേഷം 17 മണിക്കൂറിലേറെ നീണ്ട ദുരിതയാത്രയായിരുന്നു അത്. ഭാഗ്യവശാൽ, എല്ലാ യാത്രക്കാരും സുരക്ഷിതമായി ലണ്ടനിൽ എത്തിച്ചേർന്നു. യാത്രക്കാർ നേരിട്ട ദുരിതങ്ങളിൽ ദമ്പതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.


