സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് സ്ത്രീ, പോലീസ് ഉപദ്രവത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികളെ ഉപദ്രവിക്കുന്നത് നിർത്താൻ കോടതി പോലീസിനോട് ഉത്തരവിട്ടു.
ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിർത്താൻ പൊലീസിനോട് പാകിസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുനാനക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ മാസം ആദ്യം വാഗ അതിർത്തി വഴി ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലെത്തിയ 2,000 സിഖ് തീർഥാടകരിൽ ഒരാളാണ് 48-കാരിയായ സരബ്‌ജിത് കൗർ. നവംബർ 13-ന് തീർത്ഥാടകർ മടങ്ങിയെങ്കിലും സരബ്‌ജിത് കൗറിനെ കാണാതാവുകയായിരുന്നു. നവംബർ നാലിന് പാകിസ്ഥാനിലെത്തിയതിന്‍റെ പിറ്റേന്ന് ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിർ ഹുസൈനെ ഇവർ വിവാഹം കഴിച്ചതായി ലാഹോറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു.
തീർഥാടകർ നങ്കാന സാഹിബിലേക്ക് പോയപ്പോൾ സരബ്‌ജിത് കൗർ സംഘത്തിൽ നിന്ന് മാറി ഹുസൈനൊപ്പം ഷെയ്ഖുപുരയിലേക്ക് പോവുകയായിരുന്നു. ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള തങ്ങളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും വിവാഹബന്ധം വേർപെടുത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്ന് കാണിച്ച് സരബ്‌ജിത് കൗറും ഹുസൈനും ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതോടെ ഹർജിക്കാരെ ഉപദ്രവിക്കുന്നത് നിർത്താൻ ജസ്റ്റിസ് ഫറൂഖ് ഹൈദർ പോലീസിന് നിർദേശം നൽകി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദമ്പതികളെ അനാവശ്യമായി ഉപദ്രവിക്കുകയും വിവാഹമോചനത്തിന് നിർബന്ധിക്കുകയും ചെയ്തതായി ഹർജിയിൽ കൗർ പറഞ്ഞു.
9 വർഷത്തെ പരിചയം
ഭർത്താവ് പാകിസ്ഥാൻ പൗരനാണെന്നും വിസ നീട്ടാനും പാകിസ്ഥാൻ പൗരത്വം നേടാനും താൻ ഇന്ത്യൻ മിഷനെ സമീപിച്ചിട്ടുണ്ടെന്നും സരബ്‌ജിത് കൗർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ, ഫേസ്‌ബുക്ക് വഴി കഴിഞ്ഞ ഒമ്പത് വർഷമായി തനിക്ക് ഹുസൈനെ അറിയാമെന്നും അവർ പറയുന്നുണ്ട്. "ഞാൻ വിവാഹമോചിതയാണ്, ഹുസൈനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഞാൻ ഇവിടെ വന്നത്," അവർ പറഞ്ഞു. പൊലീസും അപരിചിതരായ ആളുകളും തന്നെയും ഭർത്താവിനെയും ഉപദ്രവിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നിക്കാഹ് ചടങ്ങിന് മുമ്പ് സരബ്‌ജിത് കൗർ 'നൂർ' എന്ന മുസ്ലീം പേര് സ്വീകരിച്ചിരുന്നു. താൻ സന്തോഷത്തോടെയാണ് ഹുസൈനെ വിവാഹം കഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കപൂർത്തല ജില്ലയിലെ അമാനിപ്പൂർ ഗ്രാമവാസിയാണ് സരബ്‌ജിത് കൗർ. പഞ്ചാബിൽ ഇവരുടെ തിരോധാനം പൊലീസ് അന്വേഷിച്ചുവരികയാണ്. സരബ്‌ജിത് കൗറിന്‍റെ ആദ്യ ഭർത്താവ് കഴിഞ്ഞ കുറേ വർഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.


