മൂന്നടിയോളം മാത്രം താഴ്ചയുള്ള വെള്ളത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഭീമൻ മുതല യുവതിയെ ആക്രമിക്കുകയും അവരുടെ ഇരു കൈകളിലും കടിച്ചുപിടിക്കുകയും ചെയ്തത്
ഫ്ലോറിഡ: കാമുകനൊപ്പം നദിയിൽ നീന്തുന്നതിനിടെ 31കാരി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. കാമുകനും ഉറ്റസുഹൃത്തിനുമൊപ്പം ട്രെക്കിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതിയും അവരുടെ കാമുകനും അടുത്ത സുഹൃത്തും ചേർന്ന് പ്രദേശത്ത് ട്രെക്കിംഗ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇവർ ഒർലാൻഡോയ്ക്ക് തൊട്ടു വടക്കുള്ള സെമിനോൾ കൗണ്ടിയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിയിലിറങ്ങി നീന്താൻ തീരുമാനിച്ചത്. മൂന്നടിയോളം മാത്രം താഴ്ചയുള്ള വെള്ളത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഭീമൻ മുതല യുവതിയെ ആക്രമിക്കുകയും അവരുടെ ഇരു കൈകളിലും കടിച്ചുപിടിക്കുകയും ചെയ്തത്.
ഈ സമയം യുവതിയെ മൃഗത്തിന്റെ വായിൽ നിന്ന് രക്ഷിക്കാൻ കാമുകൻ പരമാവധി ശ്രമിക്കുകയും ഉടൻ തന്നെ അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. എങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം ഫ്ലോറിഡയിലെ വന്യജീവി വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു നിന്നും 12 അടിയും 13 അടിയും നീളമുള്ള രണ്ട് കൂറ്റൻ മുതലകളെ പിടികൂടിയിട്ടുണ്ട്. ഇവ 13 അടി നീളമുള്ളവ വളരെ അപൂർവ്വവും ഭീമാകാരവുമായ മുതലകളുടെ വിഭാഗത്തിൽ പെടുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാര്ട്ടയിലെ ഒരു ജനപ്രിയ ബീച്ചിൽ 28 വയസ്സുകാരനായ ഒരു യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഫ്ലോറിഡയിൽ നിന്നും സമാനമായ ഈ ദാരുണ വാർത്ത പുറത്തുവരുന്നത്. സമാനമായ മറ്റൊരു മുതലയുടെ ആക്രമണത്തിൽ മീൻ പിടിച്ചുകൊണ്ടിരുന്ന ആൺകുട്ടിക്ക് രണ്ട് കൈകളും നഷ്ടമായി. മരിയോൺ കൌണ്ടിയിലെ നെൽസൺ ഫിഷ് ക്യാംപിന് സമീപത്തായിരുന്നു ഈ ആക്രമണം. ഈ മുതലയെ പിന്നീട് അധികൃതർ കൊലപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെ മുതലകളുടെ പ്രജനന കാലമാണ്. ഈ കാലയളവിൽ മുതലകൾ ഇണകളെ തേടി കൂടുതൽ സഞ്ചരിക്കാറുണ്ട്. ഇതിനിടയിലാണ് ജനവാസ മേഖലയിലും റോഡുകളിലും അപ്രതീക്ഷിത ഇടങ്ങളിലും ഇവയെ കണ്ടെത്തുന്നത്.


