ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നു.

ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ നടത്തിയ ശക്തമായ ഭീകരവിരുദ്ധ ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാനില്‍ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നു. ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും സുതാര്യത പുലർത്തുകയും ചെയ്യുമ്പോൾ പാകിസ്ഥാനില്‍ എല്ലാ കാര്യങ്ങൾക്കും അവ്യക്തതയാണ്. പാകിസ്ഥാനിൽ ഒരു റേഡിയേഷൻ ചോർച്ചയുണ്ടായോ എന്നതാണ് പ്രധാനപ്പെട്ട ഊഹാപോഹം. 

ആണവ നിലയങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുമ്പോഴും, ഊഹാപോഹങ്ങളുടെയും അർധസത്യങ്ങളുടെയും ഒരു നീണ്ട നിര തന്നെയാണ് പ്രചരിക്കുന്നത്. സംശയാസ്പദമായ വിമാനങ്ങളുടെ നീക്കങ്ങൾ മുതൽ പ്രചരിച്ച ഒരു 'രഹസ്യ' സർക്കാർ രേഖ വരെ ഇതില്‍ ഉൾപ്പെടുന്നു. അതിർത്തി കടന്നുള്ള പാകിസ്ഥാന്‍റെ മിസൈൽ, ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികാരനടപടി ആരംഭിച്ചതോടെയാണ് ഊഹാപോഹങ്ങൾക്കും തുടക്കമായത്. 

Scroll to load tweet…

ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി നടന്ന ഈ ആക്രമണങ്ങൾ എട്ട് പാകിസ്ഥാൻ വ്യോമതാവളങ്ങളെ ലക്ഷ്യമിടുകയും പാകിസ്ഥാൻ വ്യോമസേനയുടെ പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങളുടെ 20 ശതമാനത്തോളം നശിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത 8 പാകിസ്ഥാൻ വ്യോമതാവളങ്ങൾ

ബേസ് നൂർ ഖാൻ, റാവൽപിണ്ടി
ബേസ് മുരീദ്, ചക്വാൾ
ബേസ് സുക്കൂർ, സുക്കൂർ
ബേസ് റഹിം യാർ ഖാൻ, റഹിം യാർ ഖാൻ
ബേസ് മുഷാഫ്, സർഗോദ
ബേസ് ഷഹ്ബാസ്, ജാക്കോബാദ്
ബേസ് റഫീഖി, ഷോർക്കോട്ട്
ബേസ് ഭോലാരി, ജാംഷോറോ 

ആക്രമിക്കപ്പെട്ട റഡാർ സൈറ്റുകളും വ്യോമ പ്രതിരോധ യൂണിറ്റുകളും

1. പാസ്റൂർ, സിയാൽകോട്ട് ജില്ല, പഞ്ചാബ്
2. സിയാൽകോട്ട്, പഞ്ചാബ്
3. ചുനിയാൻ, കസൂർ ജില്ല, പഞ്ചാബ്
4. ലാഹോർ, പഞ്ചാബ്
5. മാലിർ കാന്‍റ്, കറാച്ചി, സിന്ധ്

എന്നാൽ, കിരാന കുന്നുകൾ എന്ന, രഹസ്യ ഫയലുകൾക്ക് പുറത്ത് അപൂർവ്വമായി മാത്രം കേട്ടിട്ടുള്ള ഒരു പേര് പെട്ടെന്ന് ആഗോള ശ്രദ്ധ ആകർഷിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോദയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകൾ പാകിസ്ഥാന്‍റെ ആണവായുധ പദ്ധതിയുടെ ഒരു നിർണായക കേന്ദ്രമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ ദീർഘകാലമായി സംശയിക്കുന്നു. 

1980കൾ മുതൽ, ഈ പ്രദേശം ഭൂഗർഭ തുരങ്കങ്ങൾ, ആണവ പോർമുനകൾ, മിസൈൽ സംഭരണികൾ എന്നീ അഭ്യൂഹങ്ങൾക്ക് കാരണമായ സ്ഥലമാണ്. 'പാകിസ്ഥാന്‍റെ ഏരിയ 51'എന്ന വിളിപ്പേരും ഈ പ്രദേശത്തിന് ലഭിച്ചു. 
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ ഈ സൈറ്റ് ആക്രമിക്കുകയും റേഡിയേഷൻ ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. 

"കിരാന കുന്നുകളിൽ ചില ആണവ സ്ഥാപനങ്ങൾ ഉണ്ടെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി, ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ കിരാന കുന്നുകളെ ആക്രമിച്ചിട്ടില്ല, അവിടെ എന്താണോ ഉള്ളത് അത് അവിടെത്തന്നെയുണ്ട്" - എന്നാണ് ഈ വിഷയത്തില്‍ ഇന്ത്യൻ എയർ മാർഷൽ എ കെ ഭാരതി നടത്തിയ ആദ്യ പ്രതികരണം. എന്നാല്‍, ഈ വിശദീകരണവും വർധിച്ചുവരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളുടെ തീവ്രത കുറച്ചില്ല.

സംശയമുണർത്തിയ വിമാനം

റേഡിയേഷൻ ചോർച്ച സിദ്ധാന്തത്തിന് ഏറ്റവും കൂടുതൽ ഇന്ധനം നൽകിയത് ആകാശത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ്. മെയ് 11ന്, ഫ്ലൈറ്റ് റഡാർ 24 പോലുള്ള ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ ഒരു അപൂർവ വിമാനം (ബീച്ച്ക്രാഫ്റ്റ് ബി350 എഎംഎസ്) ചുരുങ്ങിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ടു. എൻ111എസ്ഇസഡ് എന്ന ടെയിൽ നമ്പർ ഉള്ള ഈ വിമാനം, യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എനർജി നടത്തുന്ന ഉയർന്ന തലത്തിലുള്ള യുഎസ് ആണവ അടിയന്തര പ്രതികരണ പരിപാടിയായ ഏരിയൽ മെഷറിംഗ് സിസ്റ്റം (AMS) പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ വിമാനം ഒരു സാധാരണ നിരീക്ഷണ ഉപകരണമല്ല. ഉയർന്ന കൃത്യതയുള്ള ഗാമാ റേ സെൻസറുകൾ, ഐസോടോപ്പ് ഡിറ്റക്ടറുകൾ, തത്സമയ ഡാറ്റാ ട്രാൻസ്മിഷൻ ശേഷികൾ എന്നിവ ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ആണവ വികിരണം വിലയിരുത്തുന്നതിനും, ആക്രമണത്തിന് ശേഷമുള്ള ആണവ സുരക്ഷ പരിശോധിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ബി350 എഎംഎസ് സാധാരണയായി റേഡിയോളജിക്കൽ സംഭവങ്ങൾക്കോ ആണവ അപകടങ്ങൾക്കോ ശേഷം വിന്യസിക്കാറുണ്ട്.

യുഎസ് പ്രവർത്തനങ്ങൾക്ക് പുറത്ത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഇങ്ങനെയൊരു വിമാനം എന്തിനാണ് പാകിസ്ഥാന് മുകളിൽ പറന്നത്? ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇതോടെ പല തരം പ്രചാരണങ്ങളും ഉയര്‍ന്നു വന്നു. പാകിസ്ഥാൻ ഒരു റേഡിയേഷൻ ചോർച്ചയെ ഭയപ്പെടുകയും അടിയന്തര വിലയിരുത്തലിനായി വിമാനം വിന്യസിക്കുകയും ചെയ്തു എന്നതായിരുന്നു അതിലൊന്ന്. 

ആക്രമണത്തിന് ശേഷമുള്ള ആണവ നാശനഷ്ടം വിലയിരുത്തുന്നതിനായി യുഎസുമായി സഹകരിച്ചാണ് വിമാനം പറത്തിയത് എന്നുള്ളതായിരുന്നു അടുത്തത്. 2010ൽ പാകിസ്ഥാൻ ആർമി ഏവിയേഷന് കൈമാറിയ ഒരു ബി350യുടെ ടെയിൽ നമ്പർ ആയിരുന്നു എൻ111എസ്ഇസഡ് എന്ന് ചില ഓപ്പൺ സോഴ്‌സ് ഇന്‍റലിജൻസ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം വിമാനങ്ങൾ പതിവായി ഉപയോഗിക്കാറില്ലെന്നും ആണവ ഭീതി നിലനിൽക്കുന്നില്ലെങ്കിൽ, സാധാരണ സംഘർഷ സാഹചര്യങ്ങളിൽ ഉപയോഗിക്കാറില്ലെന്നും ഗൂഢാലോചന സിദ്ധാന്തക്കാർ അഭിപ്രായപ്പെടുന്നു.

Scroll to load tweet…

ഭൂകമ്പങ്ങളുണ്ടായോ? 

പാകിസ്ഥാനിലെ സമീപകാല ഭൂകമ്പങ്ങളുടെ പരമ്പര ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും അവയുണ്ടായ സമയവും സ്ഥാനവുമാണ് പ്രധാന കാരണം. മെയ് 12 ന്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:26 ന് പാകിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ മാത്രം ആഴത്തിൽ സംഭവിച്ചു. ഈ ഭൂചലനത്തിന് ദിവസങ്ങൾക്ക് മുമ്പ് 5.7, 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ട് ഭൂചലനങ്ങളും അടുത്തടുത്തായി സംഭവിച്ചു. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് പാകിസ്ഥാനെങ്കിലും, ഈ ഭൂചലനങ്ങളുടെ തീവ്രത, ആഴം എന്നിവ ഗണ്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഈ ഭൂകമ്പങ്ങൾ സ്വാഭാവികമാണോ അതോ അവ കൂടുതൽ ഭീകരമായ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. ഉപരിതലത്തിന് സമീപം ശക്തമായ ഭൂചലനം ഉണ്ടാകുന്നതിനാൽ ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ വിനാശകരമാണെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ അസാധാരണമല്ലെങ്കിലും കിരാന കുന്നുകൾ, നൂർ ഖാൻ എയർബേസ് എന്നിവയുൾപ്പെടെ അറിയപ്പെടുന്ന ആണവ കേന്ദ്രങ്ങൾക്ക് സമീപം ഉണ്ടാകുന്നത് സംശയങ്ങൾ കൂട്ടി. 

പ്രചരിക്കുന്ന രേഖയിലെ സത്യം

പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് റേ‍ഡിയേഷൻ ചോര്‍ച്ചയുണ്ടായെന്ന് സ്ഥാപിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്നാണ് ഈ രേഖയിൽ പറയുന്നത്.

സമയ ഫോർമാറ്റ് പിശക്: '24:55 മണിക്കൂർ' എന്നത് ഒരു അസാധ്യമായ സമയമാണ്. 24-മണിക്കൂർ ക്ലോക്ക് 23:59 ന് അവസാനിക്കുന്നുവെന്നതാണ് വാസ്തവം.

ഭാഷാപിശകുകൾ: നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കാണാം.

സ്ഥാപനപരമായ പൊരുത്തക്കേട്: റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (PNRA) അല്ലെങ്കിൽ പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മീഷൻ (PAEC) ആണ്. 'നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD)' എന്ന സ്ഥാപനം നിലവിലില്ല.

വർഗ്ഗീകരണത്തിലെ പൊരുത്തക്കേട്: രേഖ 'രഹസ്യം' എന്നും 'ഉടൻ പുറത്തിറക്കുക' എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്.

ഔദ്യോഗിക സ്ഥിരീകരണമില്ല: IAEA, PNRA, PAEC അല്ലെങ്കിൽ പാകിസ്ഥാൻ സർക്കാർ എന്നിവയിൽ നിന്ന് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.

ഗ്രോക് ഫാക്ട് ചെക്ക്: ഈ രേഖ വ്യാജമാണെന്ന് ഗ്രോക് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു

ഈജിപ്ത്, ബോറോൺ

വടക്കൻ പാകിസ്ഥാനിലെ മുറെയിലെ ഒരു സൈനിക വിമാനത്താവളത്തിൽ ഒരു ഈജിപ്ഷ്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനം ഇറങ്ങിയതാണ് മറ്റൊരു സംശയാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാനം റേഡിയോആക്ടീവ് വികിരണം കുറയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ബോറോൺ രാസവസ്തുക്കളുടെ ഷിപ്പ്‌മെന്‍റ് വഹിച്ചിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത ഓപ്പൺ സോഴ്‌സ് ഇന്‍റലിജൻസ് അനലിസ്റ്റുകൾ പറയുന്നത്. 

ഈജിപ്തോ പാകിസ്ഥാനോ ഈ വിമാനത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും, ഈ സിദ്ധാന്തം ഓൺലൈനിൽ പെട്ടെന്ന് പ്രചാരം നേടി. പ്രത്യേകിച്ചും മുൻ സിഐഎ അനലിസ്റ്റും റാൻഡ് കോർപ്പറേഷൻ പ്രതിരോധ വിദഗ്ധനുമായ ഡെറക് ഗ്രോസ്മാന്‍റെ ആരോപണങ്ങള്‍ ഇതിന് ആക്കം കൂട്ടി. ദുരൂഹത വർധിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയിൽ നിന്നടക്കം റേഡിയോളജിക്കൽ സംഭവം നടന്നതായി വിശ്വസനീയമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഒരു ആണവ കേന്ദ്രവും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ ആവർത്തിക്കുമ്പോഴും പാകിസ്ഥാൻ നിശബ്‍ദ തുടരുകയും ചെയ്യുന്നു. ഇതും ഈ വിഷയത്തില്‍ പാകിസ്ഥാന്‍റെ സുതാര്യതയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു.

കൃത്യമായ തെളിവുകളുടെ അഭാവമുണ്ടായിട്ടും, നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സിദ്ധാന്തങ്ങളാൽ നിറഞ്ഞ അവസ്ഥയാണ്. സംശയിക്കപ്പെടുന്ന ആക്രമണ മേഖലകൾക്ക് സമീപമുള്ള നാട്ടുകാർക്കിടയിൽ ഛർദ്ദി, ഓക്കാനം, തലവേദന എന്നിവ അനുഭവപ്പെട്ടതായി ആരോപിക്കപ്പെടുന്ന ദൃക്‌സാക്ഷി വിവരണങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ സ്ഥിരീകരിക്കപ്പെട്ട മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ഈ സാഹചര്യത്തിലും പാകിസ്ഥാൻ തുടരുന്ന നിശബ്‍ദത സംശയകരമാണ്.