ഇറാനുമേൽ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ അമേരിക്കയ്ക്കാകും ഹോർമുസിന്റെ നിയന്ത്രണമെന്നും ഈ നിമിഷംമുതൽ ഹോർമുസിന്റെ സംരക്ഷകരായി അമേരിക്ക അറിയപ്പെടുമെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വാഷിങ്ടൺ: ഇറാനുമേൽ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ അമേരിക്കയ്ക്കാകും ഹോർമുസിന്റെ നിയന്ത്രണമെന്നും ഈ നിമിഷംമുതൽ ഹോർമുസിന്റെ സംരക്ഷകരായി അമേരിക്ക അറിയപ്പെടുമെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഇതുവഴിയുള്ള ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഈടാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. അത് ഇനിയും തുറന്നിരിക്കും. ഇറാനുമേൽ ഞങ്ങൾ ഉപരോധം പുനഃസ്ഥാപിക്കുന്നു. ഇത് ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് വരാനോ ഉദ്ദേശിക്കുന്ന കപ്പലുകൾക്കും ആയിരിക്കും. ബാക്കി എല്ലാ രാജ്യങ്ങൾക്കും ഹോർമുസ് ഉപയോഗിക്കാം. ഇനിമുതൽ അമേരിക്ക ഹോർമുസിന്റെ സംരക്ഷകൻ എന്നറിയപ്പെടും. അതീവസംഘർഷ മേഖലയിൽ സുരക്ഷ നൽകുന്നതിനുള്ള ചെലവുകൾ നികത്താൻ എല്ലാ ചരക്കുകളുടെയും 20 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്ക് കൈകാര്യംചെയ്യുന്നതിൽ അമേരിക്ക പങ്കുവഹിക്കുമെന്ന പ്രഖ്യാപനം തള്ളിക്കളയുന്നതായി ഇറാന്റെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഒരു ഇടപെടലും അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള ഏത് ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും ഇറാൻ വ്യക്തമാക്കി.


