വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്.
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കുമായി ഡൊണാൾഡ് ട്രംപ്. സി.എൻ.എൻ (CNN), എം.എസ് നൗ (MS NOW), പൊളിറ്റിക്കോ (Politico) എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായാണ് ട്രംപ് വിശദമാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് മാധ്യ വിലക്ക് സംബന്ധിയായ ട്രംപിന്റെ പ്രഖ്യാപനം. വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്. New York Times, Washington Post എന്നിവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിലക്കിൽ സിഎൻഎൻ പ്രതികരിക്കുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനും മാധ്യമ സ്ഥാപനങ്ങൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ട്രംപ് മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.
വർഷങ്ങളായി ഈ മാധ്യമങ്ങൾ റിപ്പബ്ലിക്കൻ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും തനിക്ക് നീതിയുക്തമായ മാധ്യമപ്രവർത്തനം ലഭിക്കുന്നില്ലെന്നുമാണ് ട്രംപ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമായ പ്രത്യേക വാർത്തകൾ ഏതെന്നു വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല. എന്നാൽ, കഴിഞ്ഞ വർഷം അസോസിയേറ്റഡ് പ്രസ് (AP) ലേഖകരെ വൈറ്റ് ഹൗസിൽ നിന്ന് ഒഴിവാക്കിയതുൾപ്പെടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.


