ഇറാൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ, ഹോർമൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഇതോടെ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

മാർച്ച് 21 - ന് രാത്രി യുദ്ധം തുടങ്ങി ഇരുപത്തിരണ്ടാം ദിവസം ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രേയേലിൽ 100 -ലേറെ പേർക്ക് പരിക്കേറ്റും. യുദ്ധം തുടങ്ങി ഇസ്രയേലിൽ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ അപകട നിരക്കാണിത്. ഇറാൻ, ഇസ്രയേലിൽ നടത്തിയ വലിയ തോതിലുള്ള ആക്രമണത്തിന് പിന്നാലെ ട്രംപ് മുന്നറിയിപ്പുമായി എത്തി. 48 മണിക്കൂറിനുള്ളിൽ യുഎസ്എയ്ക്കും ഇസ്രയേലിനും മുന്നിൽ അടച്ചിട്ടിരിക്കുന്ന ഹോർമൂസ് കടലിടുക്ക് തുറക്കണം എന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊ‍ജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

യുദ്ധം നീളാൻ സാധ്യത

48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുത നിലയങ്ങൾ ഇല്ലാതാക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. യുദ്ധം അവസാനിപ്പിക്കുകയാണെന്ന ട്രംപിന്‍റെ സൂചനകൾക്ക് പിന്നാലെയാണ് ഇപ്പോൾ നയം മാറ്റവും ഭീഷണിയും ഉണ്ടായിരിക്കുന്നത്. അതേസമയം തങ്ങളുടെ പ്രദേശങ്ങൾ അക്രമിച്ചാൽ യുഎസിന്‍റെ എല്ലാ ഊ‍ർജ്ജ വിവരസാങ്കേതിക വിദ്യാ കേന്ദ്രങ്ങളും ഉപ്പുവെള്ളം ശുദ്ധീകരണ കേന്ദ്രങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാന്‍റെ മറുപടി നൽകി. ഇതോടെ ഇസ്രയേലും യുഎസും ആരംഭിച്ച ഇറാൻ യുദ്ധം വീണ്ടും നീണ്ട് പോകാനുള്ള സാദ്ധ്യതയാണുള്ളതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ഇസ്രയേലിൽ കനത്ത നാശം

ശനിയാഴ്ച രാത്രിയോടെ തെക്കൻ ഇസ്രായേലിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതോടെ ആരാദ്, ഡിമോണ നഗരങ്ങളിൽ ശക്തമായ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. 100 പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ രാത്രിയെന്നാണ് ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. അതേസമയം ഡിമോണയ്ക്ക് സമീപമുള്ള നെഗെവ് ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകൾ പറ്റിയെന്ന വാർത്തയെ അന്താരാഷ്ട്ര ആണവോർജ ഏജൻസി തള്ളിക്കള‌ഞ്ഞു. ഞായറാഴ്ച പുലർച്ചയോടെ ടെഹ്റാൻ ആക്രമണം തുടരുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

ദീർഘദൂര മിസൈലുകൾ

അതേസമയം യുദ്ധത്തിൽ ആദ്യമായി ഇറാൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് തുടങ്ങി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലുള്ള യുഎസ്-ബ്രിട്ടീഷ് സൈനിക താവളത്തിലേക്ക് 4,000 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകലാണ് ഇറാൻ തൊടുത്തത്. മിസൈൽ സൈനിക കേന്ദ്രത്തിന് സമീപം പതിച്ചെന്നും നാശനഷ്ടമൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.