ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇസ്രായേലിന്റെ നിലനിൽപ്പിന് കാരണം താനാണെന്ന ശക്തമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ദില്ലി: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇസ്രായേലിന്റെ നിലനിൽപ്പിന് കാരണം താനാണെന്ന ശക്തമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുണൈറ്റഡ് സ്റ്റേറ്റ്സും താനും ഇല്ലായിരുന്നെങ്കിൽ ഇസ്രായേൽ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം. യുഎസും ഇറാനും തമ്മിലുള്ള സമാധാനക്കരാർ ഈ ആഴ്ച ഒപ്പുവെക്കാനിരിക്കെ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങൾ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുനേതാക്കളും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"അമേരിക്കയില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല. ഞാനില്ലായിരുന്നെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല. കാരണം ഞാൻ ചെയ്തതുപോലെ [ഇറാനെതിരെ] ശക്തമായ നടപടികൾ സ്വീകരിക്കാൻ മറ്റൊരു പ്രസിഡന്റും തയ്യാറായിരുന്നില്ല. ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തൊട്ടടുത്തായിരുന്നു. യുഎസ് ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ അത് ഇസ്രായേലിനെതിരെ ഉപയോഗിക്കുമായിരുന്നു" എന്നാണ് ട്രംപ് പറഞ്ഞത്. നെതന്യാഹുവുമായി വ്യക്തിപരമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു. എങ്കിലും ലെബനനിലെ ആക്രമണങ്ങളുടെ കാര്യത്തിൽ നെതന്യാഹൂ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ നീണ്ടുപോകുന്നതിലും നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നതിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഒരു ഹിസ്ബുള്ളക്കാരനെ തിരയാൻ വേണ്ടി സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ മുഴുവനായി തകർക്കേണ്ടതില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹിസ്ബുള്ളയെ നേരിടാൻ ഇസ്രായേലിന് സാധിക്കുന്നില്ലെങ്കിൽ ആ ചുമതല സിറിയയെ ഏൽപ്പിക്കണമെന്ന വേറിട്ടൊരു നിർദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനെ ഖത്തർ അമീർ സ്വാഗതം ചെയ്യുകയും ഇത് ഗൾഫ് മേഖലയിൽ നല്ലൊരു മാറ്റത്തിന് കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇറാനുമായുള്ള യുഎസിന്റെ ചർച്ചകളിൽ നെതന്യാഹൂവും ഇസ്രായേൽ ഭരണകൂടവും കടുത്ത അമർഷത്തിലാണ്.

YouTube video player