വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിൽ നടന്ന 81-ാമത് യുഎൻ പൊതുസഭയിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നടപടികളെ അദ്ദേഹം തുറന്നുകാട്ടി.

ന്യൂയോർക്ക്: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ യുഎൻ വേദിയിൽ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിലാണ് അദ്ദേഹം പാകിസ്ഥാന്റെ കള്ളപ്രചാരണങ്ങളെ പൊളിച്ചടുക്കിയത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ജയശങ്കർ രൂക്ഷമായി വിമർശിച്ചു.

"സ്ഥിരമായി ഭീകരവാദം നടപ്പിലാക്കുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകളെ വളച്ചൊടിച്ചു. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ ശ്രമിച്ചത്. അത് ഇവിടെ വിലപ്പോവില്ല. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ വിനിയോഗിക്കും. സൗഹൃദവും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഭീകരവാദം നടത്തുന്നവർ തന്നെയാണ് അവരുടെ തെറ്റുകൾ തിരുത്തേണ്ടത്..."- ജയശങ്കർ ഇന്ത്യയുടെ കർശന നിലപാട് വിശദീകരിച്ചു.

ഭരണകൂടങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളെ ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിന് എക്കാലത്തും വലിയ ഭീഷണിയാണ് ഭീകരവാദം. അതിർത്തി കടന്നുള്ള ഇത്തരം ലക്ഷ്യങ്ങൾക്ക് ഒരു ഭരണകൂടം തന്നെ പിന്തുണ നൽകുന്നത് ആഗോള ക്രമത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന സർക്കാരുകളെക്കൊണ്ട് ഉത്തരം പറയിപ്പിക്കണം. ഭീകരവാദത്തോടുള്ള നമ്മുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിൽ ഒരു മാറ്റവുമുണ്ടാകരുത്. പ്രത്യേകിച്ച് അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ കണ്ടെത്തി തടയണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.

നേരത്തെ ഇന്ത്യ യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ചുട്ട മറുപടി നൽകിയിരുന്നു. ഷെരീഫിന്റെ പരാമർശങ്ങളെ വിചിത്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ നയതന്ത്ര പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ട് കൊടുംഭീകരർക്ക് അഭയം നൽകുന്ന പാകിസ്ഥാന്റെ ചരിത്രവും സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാകിസ്താനിൽ നിന്നാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പകൽ സമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദം നടപ്പിലാക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഇന്ത്യൻ നയതന്ത്ര പ്രതിനിധി ചൂണ്ടിക്കാട്ടി.