പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദേര ഇസ്മായിൽ ഖാനിലാണ് സ്ഫോടനം ഉണ്ടായത്. 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ശനിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പൊലീസ് ചെക്ക്പോയ്ൻ്റിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തതായി റിപ്പോർട്ടിലുണ്ട്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് ദേര ഇസ്മായിൽ ഖാൻ. ഇവിടുത്തെ ദരാസിന്ദ മേഖലയിലെ അമൻ മേള എന്ന പ്രദേശത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.

ഏറെ നാളായി സംഘ‍ഷഭരിതമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ. അടുത്തിടെ, ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന കോഹത് ജില്ലയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേ‍ർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന പള്ളിയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ പൊലീസുകാരും ഉൾപ്പെട്ടിരുന്നു.

അ​ഫ്​ഗാനിസ്ഥാനിലെ താലിബാനുമായി അന്തർധാര സജീവമായ ഭീകരസംഘടനയാണ് തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ എന്ന പാകിസ്ഥാനി താലിബാൻ. പാകിസ്ഥാനിൽ ഏതാനും വർഷമായി പൊലീസിനെയും നാട്ടുകാരെയും ലക്ഷ്യമിട്ട് പാകിസ്ഥാനി താലിബാൻ ആക്രമണം നടത്തുകയാണ്. പാകിസ്ഥാൻ താലിബാന് പിന്നിൽ അഫ്​ഗാനിസ്ഥാനാണെന്ന് പാക് ഭരണകൂടം ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അഫ്​ഗാൻ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.