പസഫിക് റിംഗ് ഓഫ് ഫയറിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭൂകമ്പങ്ങൾ ജപ്പാനിൽ പതിവാണ്. എന്നാൽ ജപ്പാനിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സന്ദര്‍ശകരെ സുരക്ഷിതരാക്കുന്നു.

ലോകത്തിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. അത്യാധുനിക സാങ്കേതിക വിദ്യയാലും പ്രകൃതിഭം​ഗിയാലും സാംസ്കാരിക പൈതൃകത്താലുമെല്ലാം ജപ്പാൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ സ്ഥിരം സാന്നിധ്യമായിക്കഴിഞ്ഞു. എന്നാൽ, പസഫിക് റിംഗ് ഓഫ് ഫയറിനോട് ചേർന്നാണ് ജപ്പാൻ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്. ഇത് ഭൂകമ്പങ്ങളെ രാജ്യത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയുടെ ഭാഗമാക്കുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി അമോറി തീരത്ത് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സുനാമി മുന്നറിയിപ്പുകളും പസഫിക് തീരത്ത് പല തരത്തിലുള്ള തടസ്സങ്ങളും ഉണ്ടായി. കുറഞ്ഞത് 33 പേർക്ക് പരിക്കേറ്റെന്നാണ് ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചത്. നാശനഷ്ടങ്ങളുടെ വ്യാപ്തി ഇപ്പോഴും വിലയിരുത്തുകയാണ്. വരും ദിവസങ്ങളിൽ തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജപ്പാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ

പസഫിക് പ്ലേറ്റ് ഉൾപ്പെടെ നിരവധി ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ജപ്പാനെ പിന്തുണയ്ക്കുന്ന പ്ലേറ്റിന് താഴെയായി ടെക്റ്റോണിക് പ്ലേറ്റുകൾ അടിഞ്ഞുകൂടുന്നു. ഈ തുടർച്ചയായ ചലനമാണ് ഇടയ്ക്കിടെയുള്ള ഭൂകമ്പ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നത്. ഇക്കാരണത്താൽ, ലോകത്തിലെ ഏറ്റവും നൂതനമായ ഭൂകമ്പ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജപ്പാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ ആഘാതങ്ങളെ ആഗിരണം ചെയ്യാൻ കഴിയുന്ന ആഴത്തിലുള്ള ബങ്കറുകൾ വരെ ജപ്പാൻ സജ്ജമാക്കിയിട്ടുണ്ട്. മുൻകൂറായി മുന്നറിയിപ്പ് നൽകുന്ന സാങ്കേതികവിദ്യയും സാമൂഹ്യമായ തയ്യാറെടുപ്പും അപകടസാധ്യത കുറയ്ക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത് ജപ്പാനെ യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു.

ജപ്പാനിൽ വിനോദസഞ്ചാരികൾ ആശങ്കപ്പെടേണ്ടതുണ്ടോ?

വിനോദസഞ്ചാര ഭൂപടത്തിൽ മുൻനിരയിൽ തന്നെയാണ് ജപ്പാന്റെ സ്ഥാനം. 2025ന്റെ ആദ്യ പാദത്തിൽ മാത്രം ജപ്പാനിലേയ്ക്ക് 10.54 ദശലക്ഷം വിദേശികളാണ് എത്തിയത്. ഭൂകമ്പങ്ങൾ പതിവായി സംഭവിക്കാറുണ്ടെങ്കിലും ഇതിൽ മിക്കതും ആഘാതം കുറവുള്ളവയാണ്. എന്നാൽ, ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായാൽപ്പോലും ജപ്പാനിലെ കെട്ടിടങ്ങളുടെ നിർമ്മാണവും പൊതു അവബോധവും ദ്രുത അടിയന്തര പ്രതികരണങ്ങളും ആഘാതത്തെ വളരെയധികം പരിമിതപ്പെടുത്തുന്നു. ഇക്കാരണത്താൽ ജപ്പാനിലേയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് പ്രധാനമായും ഭയത്തേക്കാൾ ഉപരിയായി അവബോധമാണ് ആവശ്യം.

ഭൂകമ്പ തയ്യാറെടുപ്പ്; ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ഭൂകമ്പ മുന്നറിയിപ്പുകള്‍ അറിഞ്ഞിരിക്കുക

ജപ്പാനിലേയ്ക്ക് പോകുന്നവർ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പുകൾ സജ്ജമാക്കുകയാണ് അദ്യം ചെയ്യേണ്ടത്. മിക്ക ഇന്ത്യൻ യാത്രക്കാരും ജപ്പാനിൽ വിമാനമിറങ്ങുന്നുണ്ടെങ്കിലും അടിയന്തര അലേർട്ടുകൾ സജീവമാക്കുന്നില്ല. ജാപ്പനീസ് മുന്നറിയിപ്പ് സംവിധാനം ഇംഗ്ലീഷിൽ ഓട്ടോമാറ്റിക് അറിയിപ്പുകൾ അയയ്ക്കും. പക്ഷേ, അടിയന്തര അലർട്ടുകളും ലൊക്കേഷൻ സേവനങ്ങളും ഓൺ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ഈ അലർട്ടുകൾ ലഭിക്കുക. വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ ഇത് ഓൺ ചെയ്യണം. ശക്തമായ ഭൂമികുലുക്കത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇത് സഹായിക്കും.

2. ഹോട്ടൽ കീ കാർഡും പാസ്‌പോർട്ടും എപ്പോഴും കൈവശം സൂക്ഷിക്കുക

ജപ്പാനിൽ നേരിയ ഭൂചലനം പോലും താൽക്കാലികമായി ആളുകളെ ഒഴിപ്പിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാറുണ്ട്. നിങ്ങളുടെ കീ കാർഡോ പാസ്‌പോർട്ടോ ഇല്ലാതെ നിങ്ങൾ തിരക്കിട്ട് പുറത്തിറങ്ങിയാൽ നിങ്ങൾ മണിക്കൂറുകളോളം പുറത്ത് കുടുങ്ങിപ്പോയേക്കാം. ഇന്ത്യൻ യാത്രക്കാർ പലപ്പോഴും രേഖകൾ മുറിയിലെ സേഫുകളിൽ സൂക്ഷിക്കാറുണ്ട്. ഭൂകമ്പ സമയത്ത്, ആ ശീലം ഒരു ബാധ്യതയായി മാറുകയാണ് ചെയ്യുക.

3. ചെറിയ ഭൂകമ്പം പോലും പൊതുഗതാഗതം തടസപ്പെടുത്തും

ഭൂകമ്പ സെൻസറുകൾ പ്രവർത്തനക്ഷമമാകുന്ന നിമിഷം ട്രെയിനുകൾ, മെട്രോകൾ, ബുള്ളറ്റ് ട്രെയിനുകൾ എന്നിവ യാന്ത്രികമായി സർവീസ് നിർത്തും. ഈ സമയം പരിഭ്രാന്തരാകരുത്. പകരം ഉടൻ തന്നെ ടാക്സികൾ ബുക്ക് ചെയ്യുക. സ്റ്റേഷനുകളോ ഹോട്ടൽ ഡെസ്കുകൾ വഴിയോ ഔദ്യോഗിക ട്രാഫിക് അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക. പലപ്പോഴും പ്രതീക്ഷിച്ചതിലും വേഗത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന വസ്തുത മനസിലാക്കുക.

4. ഹോട്ടൽ വിലാസം പോലെ പ്രധാനമായ ഇവാക്വേഷൻ പോയിന്റ്

ജപ്പാനിൽ പൊതുവേ പലയിടങ്ങളിലും ഇവാക്വേഷൻ പോയിന്റുകളുണ്ടാകാറുണ്ട്. സാധാരണയായി സ്കൂളുകളോ പാർക്കുകളോ ആയിരിക്കും ഈ പോയിന്റുകൾ. ചെക്ക്-ഇൻ സമയത്ത് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഇവാക്വേഷൻ പോയിന്റ് എവിടെയാണെന്ന് ഹോട്ടലിൽ നിന്ന് ചോദിച്ചറിയണം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക പരിശീലനം നേടിയ ഹോട്ടൽ ജീവനക്കാരുടെ ഓൺ-സൈറ്റ് നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം.

5. കൺവീനിയൻസ് സ്റ്റോറുകളെ കുറിച്ച് അറിയുക

കൺവീനിയൻസ് സ്റ്റോറുകൾ (7-ഇലവൻ, ലോസൺ, ഫാമിലിമാർട്ട്) മിക്ക ദുരന്തങ്ങളെയും തരണം ചെയ്യുകയും നിർണായകമായ സുരക്ഷാ കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നവയാണ്. ട്രെയിനുകൾ സർവീസ് നിർത്തിയാലും റോഡുകൾ അടച്ചാലും ഈ സ്റ്റോറുകൾ തുറന്നിരിക്കും. ഇവിടെ നിങ്ങൾക്ക് ചൂടുള്ള ഭക്ഷണം, വെള്ളം, പവർ ബാങ്കുകൾ, പ്രഥമശുശ്രൂഷ സാമഗ്രികൾ എന്നിവ എപ്പോഴും വാങ്ങാം.

6. ജപ്പാനിലെ സുനാമി അടയാളങ്ങൾ പിന്തുടരുക

ജപ്പാനിലെ തീരപ്രദേശങ്ങളിലെ എല്ലാ തെരുവുകളിലും മഞ്ഞയും നീലയും നിറത്തിൽ സുനാമിയുമായി ബന്ധപ്പെട്ട അടയാളങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോമാർക്കുകളായാണ് ഇവ പ്രദർശിപ്പിക്കുന്നത്. ഈ അടയാളങ്ങൾ ദിശയെ മാത്രമല്ല, എലവേഷൻ മീറ്ററുകളെയും സൂചിപ്പിക്കുന്നവയാണ്. അതിനാൽ നിങ്ങൾ താമസിക്കുന്ന ഹോട്ടൽ പോലും സുരക്ഷിതമാണോ എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. ശക്തമായ ഭൂകമ്പം ഉണ്ടായാൽ ഉടൻ തന്നെ ബീച്ചുകളിൽ നിന്ന് മാറുകയെന്നതാണ് ആ​ദ്യം ചെയ്യേണ്ടത്.

7. ജാപ്പനീസ് ശൈലികൾ പഠിക്കുക

ദുരന്തസമയത്ത് ജാപ്പനീസ് ജനത പരസ്പരം വളരെയേറെ സഹായിക്കുന്നവരാണ്. പക്ഷേ, പലരും ഇംഗ്ലീഷ് സംസാരിക്കാൻ മടിക്കുന്നു. അതിനാൽ തന്നെ ചില പ്രധാന ജാപ്പനീസ് വാക്കുകൾ അറിഞ്ഞിരിക്കുന്നത് ഇന്ത്യൻ സഞ്ചാരികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായകമാകും. ഷിബുയ, ഒസാക്ക ഉമേദ, ക്യോട്ടോ സ്റ്റേഷൻ പോലെയുള്ള തിരക്കേറിയ പ്രദേശങ്ങളിൽ ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ വിദേശ വിനോദസഞ്ചാരികളെ പ്രദേശവാസികൾ തന്നെ നേരിട്ട് സഹായിക്കാറുണ്ട്.

യാത്രയിൽ പ്രതീക്ഷിക്കേണ്ട തടസ്സങ്ങൾ

  • വലിയ ഭൂകമ്പങ്ങൾക്ക് ശേഷം ഷിൻകാൻസെൻ (ബുള്ളറ്റ് ട്രെയിൻ) വൈകുകയോ സർവീസുകൾ നിർത്തിവയ്ക്കുകയോ ചെയ്യുന്നത് സാധാരണമാണ്.
  • ചില ഹോട്ടലുകളിൽ താൽക്കാലികമായി വൈദ്യുതിയോ വെള്ളമോ മുടങ്ങിയേക്കാം.
  • റൺവേ പരിശോധനകളെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾ വൈകിയേക്കാം.
  • സുരക്ഷാ പരിശോധനകൾ നടക്കുമ്പോൾ ലോക്കൽ ട്രെയിനുകൾ പലപ്പോഴും വേ​ഗത കുറച്ചാണ് ഓടുന്നത്.

യാത്ര ചെയ്യുന്നതിന് മുമ്പ് പ്രധാനമായും പരിശോധിക്കേണ്ടവ

  • ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷനിൽ നിന്നുള്ള അപ്ഡേറ്റുകൾ
  • ജപ്പാൻ റെയിൽവേസിൽ നിന്നുള്ള അപ്ഡേറ്റുകൾ
  • നിങ്ങളുടെ യാത്രാ ഇൻഷുറൻസ് പ്രകൃതി ദുരന്തങ്ങളെ ഉൾക്കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കുക