പ്രശസ്ത ഫുഡ്, ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ മേഖലകളുടെ പട്ടികയിൽ ദക്ഷിണേന്ത്യയെയും ഉൾപ്പെടുത്തി. 40-ാം സ്ഥാനത്താണ് ദക്ഷിണേന്ത്യ ഇടംപിടിച്ചിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന മേഖലകളുടെ പട്ടിക പുറത്തിറക്കി പ്രശസ്ത ഫുഡ്, ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ആദ്യ 50 സ്ഥാനങ്ങളിൽ ദക്ഷിണേന്ത്യ ഇടംപിടിച്ചു എന്നതാണ് സവിശേഷത. 40-ാം സ്ഥാനത്താണ് ദക്ഷിണേന്ത്യ എത്തിയിരിക്കുന്നത്. സമീപകാലത്ത് ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് ആഗോള അംഗീകാരം ലഭിക്കുന്ന കാഴ്ച കൂടുതലായി കണ്ടുവരുന്നുണ്ട്. കഴിഞ്ഞ മാസം, ട്രാവൽ ഗൈഡ് ലോൺലി പ്ലാനറ്റ് കേരളത്തിന്റെ പാചക സംസ്കാരത്തെ 2026ൽ ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി പട്ടികപ്പെടുത്തിയിരുന്നു.

തമിഴ്നാട്

  • ഇഡ്ഡലി, സാമ്പാർ/ചട്ണി
  • നെയ്യ് റോസ്റ്റ് ദോശ
  • ചെട്ടിനാട് ചിക്കൻ/പെപ്പർ ചിക്കൻ
  • ആമ്പൂർ അല്ലെങ്കിൽ ഡിണ്ടിഗൽ ബിരിയാണി
  • മട്ടൺ ചുക്ക
  • പൊങ്കൽ
  • ബൺ പറോട്ട
  • കൊത്തു പറോട്ട
  • ഫിൽറ്റർ കോഫി
  • ജി​ഗർതണ്ട

ഭക്ഷണപ്രിയർക്ക് ഏറ്റവും അനുയോജ്യമായ തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ:

ചെന്നൈ: ഇഡ്ഡലി-ദോശ കടകൾ, പഴയകാല മെസ്സുകൾ, സീഫുഡ് ഷോപ്പുകൾ, ആധുനിക, പ്രാദേശിക റെസ്റ്റോറന്റുകൾ എന്നിവയെല്ലാം ചെന്നൈയിലുണ്ട്.

മധുര: പറോട്ടകൾക്കും, മട്ടൺ വിഭവങ്ങൾക്കും, തിരക്കേറിയ സ്ട്രീറ്റ് ഷോപ്പുകൾക്കും പേരുകേട്ട ഒരു നഗരമാണ് മധുര. രാത്രി വൈകിയുള്ള ഭക്ഷണശാലകൾ സഞ്ചാരികൾക്ക് നഗരത്തിന്റെ രുചികൾ തദ്ദേശീയർ അനുഭവിക്കുന്നതുപോലെ അനുഭവിക്കാൻ അനുവദിക്കുന്നു.

കാരക്കുടി/ചെട്ടിനാട് മേഖല: പരമ്പരാഗത സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും പൈതൃക പാചക രീതികളും ചെട്ടിനാട് മേഖലയിൽ ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നു. ഇവിടുത്തെ ഭക്ഷണം പ്രാദേശിക ചേരുവകളുമായി ആഴത്തിൽ ബന്ധമുള്ളവയാണ്.

കേരളം

  • മലബാർ ബിരിയാണി
  • കരിമീൻ പൊള്ളിച്ചത്
  • ഫിഷ് മോളി
  • കപ്പ, മീൻ കറി
  • അപ്പം, സ്റ്റ്യൂ
  • പുട്ടും കടലയും
  • കേരള പൊറോട്ട
  • കേരള സദ്യ

ഭക്ഷണപ്രിയർക്ക് ഏറ്റവും അനുയോജ്യമായ കേരളത്തിലെ സ്ഥലങ്ങൾ:

കോഴിക്കോട് (കാലിക്കറ്റ്): ബിരിയാണികൾ, ഹൽവ കടകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് കോഴിക്കോട്. കടൽത്തീര സ്റ്റാളുകളും ബേക്കറികളും സഞ്ചാരികൾക്ക് വടക്കൻ കേരളത്തിന്റെ തീരദേശ രുചികൾ എളുപ്പത്തിൽ അനുഭവിക്കാൻ സഹായിക്കുന്നു.

കൊച്ചി: മികച്ച സിറിയൻ ക്രിസ്ത്യൻ വിഭവങ്ങൾ, സീഫുഡ് സ്പെഷ്യലുകൾ, ആധുനിക, പരമ്പരാ​ഗത കേരള റെസ്റ്റോറന്റുകൾ എന്നിവ കൊച്ചി വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ കായലുകളും ഭക്ഷണ വിപണികളും മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തിരുവനന്തപുരം: സസ്യാഹാരികൾക്ക്, പ്രത്യേകിച്ച് പരമ്പരാഗത സദ്യകൾ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് തിരുവനന്തപുരം. നഗരത്തിന്റെ തീരദേശ സ്വാധീനം ഭക്ഷണ വൈവിധ്യങ്ങളിൽ ആഴത്തിൽ പ്രതിഫലിക്കുന്നു.

കർണാടക

  • മൈസൂർ മസാല ദോശ
  • മംഗലാപുരം മീൻ കറി
  • കോരി റൊട്ടി
  • നീർ ദോശ
  • മംഗലാപുരം ചിക്കൻ നെയ്യ് റോസ്റ്റ്
  • ഉഡുപ്പി സാമ്പാറും രസവും
  • മംഗലാപുരം ബൺസ്

ഭക്ഷണപ്രിയർക്ക് ഏറ്റവും അനുയോജ്യമായ കർണാടകയിലെ സ്ഥലങ്ങൾ:

ബെംഗളൂരു: പരമ്പരാ​ഗത ടിഫിൻ ഹൗസുകൾ, സൈനിക ഹോട്ടലുകൾ, ആധുനിക, പ്രാദേശിക റെസ്റ്റോറന്റുകൾ എന്നിവ ബെം​ഗളൂരുവിലുണ്ട്. യാത്രക്കാർക്ക് സംസ്ഥാനവ്യാപകമായി ഒരു ഫുഡ് ടൂർ തന്നെ ഒരുക്കാൻ ബെം​ഗളൂരു അവസരമൊരുക്കുന്നു.

മംഗളൂരു: മീൻ കറികൾ, നെയ്യ് റോസ്റ്റ്, റൊട്ടി, കത്തോലിക്കാ സമൂഹത്തിന്റെ സ്പെഷ്യൽ വിഭവങ്ങൾ എന്നിവയാൽ സീഫുഡ് പ്രേമികൾക്ക് അനുയോജ്യമാണ് മം​ഗളൂരു. ഇവിടുത്തെ മാർക്കറ്റുകളും കടൽത്തീര റെസ്റ്റോറന്റുകളും രുചി വൈവിധ്യം ഒരുക്കുന്നവയാണ്.

കൂർഗ് (മടിക്കേരി): പന്നിയിറച്ചി, പ്രാദേശിക പച്ചക്കറികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിഭവങ്ങൾക്ക് പേരുകേട്ടയിടമാണ് കൂർഗ്. ഈ മലയോര ഭക്ഷണവിഭവങ്ങൾ പരീക്ഷിക്കാനായി പ്ലാന്റേഷൻ ഹോംസ്റ്റേകൾ സഹായിക്കുന്നു.

കേരളം, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടാതെ ആന്ധ്രപ്രദേശ് (വിജയവാഡ, വിശാഖപട്ടണം), തെലങ്കാന (ഹൈദരാബാദ്, വാറങ്കൽ) എന്നിവിടങ്ങളിലും മികച്ചതും വൈവിധ്യമേറിയതുമായ ഭക്ഷണവിഭവങ്ങൾ ലഭിക്കും.