എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് രൂപപ്പെട്ട ചാരമേഘങ്ങൾ ഇന്ത്യയിലേക്ക് നീങ്ങുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ കനത്ത ജാഗ്രതയിലാണ്.
ദില്ലി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ കനത്ത ജാഗ്രതയിൽ. അഗ്നിപർവതത്തിൽ നിന്നുയർന്ന ചാരം നിറഞ്ഞ മേഘങ്ങൾ ഇന്ത്യയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിലേക്കാണ് ചാരം പറന്നെത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അതിനാൽ തന്നെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എക്സിൽ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സാഹചര്യം ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നുമാണ് എയർ ഇന്ത്യ അറിയിക്കുന്നത്. ആകാശ എയറും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഡവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചിട്ടുണ്ട്.
ഏകദേശം 10,000 വർഷമായി നിഷ്ക്രിയമായിരുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് പൊട്ടിത്തെറിച്ചത്. ഇപ്പോൾ ഇവിടെ സ്ഫോടനം അവസാനിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാൽ വലിയ ചാര നിറത്തിലുള്ള മേഘങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ഞായറാഴ്ച ചെങ്കടലിന് കുറുകെ ഒമാനിലേക്കും യെമനിലേക്കും വ്യാപിച്ച ചാര മേഘങ്ങൾ ഇവിടെ നിന്നും കിഴക്ക് ദിശയിൽ നീങ്ങുകയായിരുന്നു. എങ്കിലും ഇത് സംബന്ധിച്ച് സുരക്ഷാ അറിയിപ്പുകൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.


