യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയൻ സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് സംവിധാനം തകരാറിലായി. ഭൂപടം ഉപയോഗിച്ച് പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. റഷ്യൻ സൈബർ ആക്രമണമാണെന്ന് സംശയിക്കുന്നു

സോഫിയ: യൂറോപ്യൻ യൂണിയൻ (ഇ യു) കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയന്‍റെ ജീവൻ രക്ഷിച്ച് ഭൂപടം. ബൾഗേറിയയിലേക്കുള്ള യാത്രക്കിടെയാണ് ഉർസുല സഞ്ചരിച്ച വിമാനത്തിന്റെ ജി പി എസ് നാവിഗേഷൻ സംവിധാനം തകരാറിലായെങ്കിലും ഭൂപടം ഉപയോഗിച്ച് രക്ഷ നേടുകയായിരുന്നു. സോഫിയ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ഉർസുല സഞ്ചരിച്ച വിമാനത്തിന്‍റെ ശ്രമത്തിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ജി പി എസ് സിഗ്നലുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് വിമാനം ഒരു മണിക്കൂറോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്ന ശേഷം, ഭൂപടം ഉപയോഗിച്ച് പൈലറ്റ് സുരക്ഷിതമായി അടിയന്തര ലാൻഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നിൽ റഷ്യൻ സൈബർ ആക്രമണമാണെന്ന് യൂറോപ്യൻ യൂണിയൻ സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പോളണ്ടിലെ വാർസോയിൽ നിന്ന് ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉർസുല വോൺ ദെർ ലെയന്റെ വിമാനത്തിന് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്ക്കെതിരെ ഇയു രാജ്യങ്ങൾ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ വിലയിരുത്താനാണ് ഉർസുല ബൾഗേറിയയിലെത്തിയത്. ജിപിഎസ് ജാമിങ്, സ്പൂഫിങ് തുടങ്ങിയ സൈബർ ആക്രമണങ്ങൾ കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് കടൽ മേഖലയിലും വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ ആരോപണം റഷ്യ ശക്തമായി തള്ളിക്കളഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇയു അധികൃതർ വ്യക്തമാക്കി.