നരേന്ദ്ര മോദി ട്രംപിനെ രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതിയെന്നും എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൻ: ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ പ്രശ്നം പരിഹരിക്കാൻ മാർഗം ഉപദേശിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. വിഷയത്തിൽ പ്രശ്നം പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിന് ശുപാർശ ചെയ്താൽ മതിയെന്ന് ജോൺ ബോൾട്ടൻ പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതിയെന്നും എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ എതിർക്കുന്ന ഡോണൾഡ് ട്രംപിന്റെ നടപടി അനാവശ്യമാണ്. ഇന്ത്യയ്ക്കെതിര ചുമത്തിയ ഉയർന്ന തീരുവ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനക്കെതിരെ പ്രത്യേകിച്ച് നടപടിയൊന്നുമില്ല. 50% തീരുവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.
അതേസമയം, യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഖാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെന്ററിൽ നടന്ന പരിപാടിക്കിടെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് യു എസ് പ്രസിഡന്റ് റഷ്യക്കും പുടിനും മുന്നറിയിപ്പ് നൽകിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അലാസ്ക കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കാണ് ട്രംപ് മറുപടി നൽകിയത്. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ സമ്മതിച്ചില്ലെങ്കിൽ 'വളരെ കടുത്ത പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പുടിനുമായി നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കൻ പ്രസിഡന്‍റ് വിവരിച്ചു.
