Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന് ട്രംപ്; വീഡിയോ നീക്കി ഫേസ്ബുക്കും ട്വിറ്ററും

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൊവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന ട്രംപിന്റെ അവകാശവാദമാണ് ഫേസ്ബുക്ക് നീക്കിയത്.
 

Facebook Twitter remove Trump claim Children Immune From Covid
Author
New York, First Published Aug 6, 2020, 9:22 AM IST

ന്യൂയോര്‍ക്ക്: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കി. ആദ്യമായാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റിനെതിരെ കടുത്ത നടപടിയെടുക്കുന്നത്. ട്രംപ് കൊറോണവൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് തങ്ങളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫേസ്ബുക്കും ട്വിറ്ററും അറിയിച്ചു.

ട്രംപിന്റെ ഒഫീഷ്യല്‍ പ്രചാരണ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പാണ് ഫേസ്ബുക്ക് നീക്കിയത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൊവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന ട്രംപിന്റെ അവകാശവാദമാണ് ഫേസ്ബുക്ക് നീക്കിയത്. ഇതേ വീഡിയോ നീക്കം ചെയ്യാന്‍ ട്രംപിന്റെ പ്രചാരണ ടീമിനോട് ട്വിറ്റര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീഡിയോ ട്വിറ്ററും വിലക്കി. അതേസമയം, പോസ്റ്റുകള്‍ നീക്കിയത് സംബന്ധിച്ച് ട്രംപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രചാരണ വിഭാഗവും പ്രതികരിച്ചിട്ടില്ല.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് ട്രംപ് ശാസ്ത്രീയമല്ലാത്ത മറുപടി നല്‍കിയത്. കൊറോണവൈറസിനെതിരെ കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധ ശേഷി കൂടുതലാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് ഏറ്റവും പെട്ടെന്ന് ബാധിക്കുക വയോധികരെയും കുട്ടികളെയുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ട്രംപിന്റെ ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നേരത്തെയും നടപടിയെടുത്തിരുന്നു. 2,40,000 കുട്ടികള്‍ക്ക് യുഎസില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios