ചൈനയിൽ നിന്നും റഷ്യയിൽ നിന്നും അമേരിക്കൻ പേരുകളുള്ളവരുടേതെന്ന പേരിൽ വ്യാജ വിവരങ്ങളുമായി ഐടി ജോലികളിൽ നിയോഗിച്ച് കിം ഭരണകൂടത്തിനായി പണം ശേഖരിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ന്യൂയോർക്ക്: അമേരിക്കയുടെ ട്രഷറി വകുപ്പ് അടക്കം ഹാക്ക് ചെയ്യാൻ ശ്രമിച്ച ഉത്തര കൊറിയൻ ഹാക്കർക്ക് ഉപരോധവുമായി അമേരിക്ക. സോംഗ് കും ഹ്യോക്ക് എന്ന ഹാക്കർക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കയിലെ ഐടി മേഖലയിൽ ജീവനക്കാരനെന്ന നിലയിൽ കയറിക്കൂടി രഹസ്യ വിവരങ്ങൾ ഉത്തര കൊറിയയ്ക്ക് ചോർത്തി നൽകാനുള്ള ശ്രമങ്ങളിൽ പങ്ക് വ്യക്തമായതോടെയാണ് ഉപരോധം. ഐടി ജീവനക്കാരെ യുഎസ് പൗരന്മാരുടെ പേരുകളിൽ ഐടി മേഖലയിൽ ഉത്തര കൊറിയ നിയോഗിക്കുന്നതായും വിദേശ സ്ഥാപനങ്ങളിലേക്ക് ജോലി നേടുന്നതായുമാണ് ഫെഡറൽ ഗവൺമെന്റ് കണ്ടെത്തിയതെന്നാണ് ഉപരോധം പ്രഖ്യാപിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടമ്മി ബ്രൂസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഐടി ജോലി തട്ടിപ്പിലൂടെയാണ് സോംഗ് കും ഹ്യോക്ക് തട്ടിപ്പ് നടത്തുന്നത്. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും അമേരിക്കൻ പേരുകളുള്ളവരുടേതെന്ന പേരിൽ വ്യാജ വിവരങ്ങളുമായി ആളുകളെ ഐടി ജോലികളിൽ നിയോഗിച്ച് കിം ഭരണകൂടത്തിനായി പണം ശേഖരിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിനുമായി പണം കണ്ടെത്താനുള്ള ഉത്തര കൊറിയയുടെ ഗൂഡനീക്കമാണ് ഇത്തരം ചാരന്മാരെ നിയോഗിക്കുന്നതിന് പിന്നിലെന്നാണ് ട്രഷറി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോൾക്കെൻഡർ വിശദമാക്കിയത്. ഡിജിറ്റൽ സ്വത്തുക്കൾ ചോർത്താനുള്ള കിമ്മിന്റെ ശ്രമങ്ങളെ വിഫലമാക്കുന്നതിൽ ട്രഷറി സദാ ശ്രദ്ധ ചെലുത്തുന്നുവെന്നാണ് മൈക്കൽ ഫോൾക്കെൻഡർ ചൊവ്വാഴ്ച പ്രതികരിച്ചത്. റഷ്യയിൽ നിന്നുള്ള ഒരു ഹാക്കറിനും ചൈന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
സൈബർ രംഗത്തെ ഉത്തര കൊറിയൻ ചാരപ്രവർത്തനത്തിനും പണം തട്ടലിനുമാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക മേഖലേയും അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന നടപടി കൂടുതൽ ശക്തമാക്കുമെന്നും ടമ്മി ബ്രൂസ് വിശദമാക്കി. ഇത്തരം ശ്രമങ്ങളേക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ പ്രതിഫലം നൽകുമെന്നും സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വിശദമാക്കി.
