ഷെയ്ഖ് ഹസീനയുമായി വിഷയം സംസാരിച്ചെന്നും അവർ ശക്തമായ നിഷേധം അറിയിച്ചതായും സജദ് വിശദീകരിച്ചു. 

ദില്ലി : ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് യുഎസിനും പങ്കുണ്ടെന്ന പരാമർശമടങ്ങുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കത്ത് നിഷേധിച്ച് മകൻ സജദ് വസീബ്. അങ്ങനെയൊരു കത്തോ പ്രസംഗമോ ഷെയ്ഖ് ഹസീന എഴുതിയിട്ടില്ലെന്നാണ് മകന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വ്യാജ കത്താണ്. ഷെയ്ഖ് ഹസീനയുമായി വിഷയം സംസാരിച്ചെന്നും അവർ ശക്തമായ നിഷേധം അറിയിച്ചതായും സജദ് വിശദീകരിച്ചു. 

സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നുവെന്ന് ഹസീനയുടെ വിടവാങ്ങൽ പ്രസംഗത്തിലുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ വരെ എത്തിയതിനാൽ ഹസീനയ്ക്ക് പ്രസം​ഗിക്കാനായിരുന്നില്ലെന്നുമാണ് ഒരു ഇം​ഗ്ലീഷ് മാധ്യമം പുറത്തുവിട്ടത്.

അമേരിക്ക കണ്ണുവച്ച കുഞ്ഞൻ ദ്വീപ്! ഷേഖ് ഹസീന വെളിപ്പെടുത്തിയ സെന്‍റ് മാർട്ടിൻ ദ്വീപിലെ രഹസ്യങ്ങൾ!

ബം​ഗാൾ ഉൾക്കടലിലും അമേരിക്കയ്ക്ക് സ്വാധീനമുറപ്പിക്കാൻ താൻ അനുവദിച്ചില്ല.ബം​ഗ്ലാദേശിന്റെ തെക്കേ അറ്റത്ത് ബം​ഗാൾ ഉൾക്കടലിലെ 3 ചതുരശ്ര കിമീ വിസ്താരമുള്ള സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു.താൻ ബം​ഗ്ലാദേശിൽ തുടർന്നിരുന്നുവെങ്കിൽ മൃതദേഹങ്ങളുമായുള്ള ഘോഷയാത്ര കാണേണ്ടി വരുമായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി അധികാരത്തിലെത്താനാണ് അവർ ശ്രമിച്ചത്. അതിന് താനനനുവദിച്ചില്ലെന്നും ഹസീനയുടെ പ്രസം​ഗത്തിലുണ്ടെന്നായിരുന്നു പുറത്ത് വന്നത്. 

അതേ സമയം, ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളെ അപലപിച്ച് ഇടക്കാല സർക്കാർ. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കും, ആരാധനാലയങ്ങൾക്കും നേരെയുള്ള അക്രമം അപലപനീയമാണ്. ചർച്ചയിലൂടെ വിഷയം പരിഹരിക്കണം. വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഉടൻ ചർച്ച നടത്താനും തീരുമാനമായി.