എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ അമേരിക്കയിലെ പ്രമുഖ മാധ്യമമായ അറ്റ്‌ലാന്റിക് മാസികയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 250 ദശലക്ഷം ഡോളര്‍ (2300 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് കേസ് നല്‍കിയത്. 

താന്‍ മുഴുക്കുടിയനും വഹിക്കുന്ന പദവിക്ക് ബാധ്യതയുമാണെന്ന വാര്‍ത്തയ്‌ക്കെതിരെ എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ അമേരിക്കയിലെ പ്രമുഖ മാധ്യമമായ അറ്റ്‌ലാന്റിക് മാസികയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 250 ദശലക്ഷം ഡോളര്‍ (2300 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് പട്ടേല്‍ കൊളംബിയ ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് നല്‍കിയത്. സാറാ ഫിറ്റ്സ്പാട്രിക് എഴുതിയ 'എഫ്.ബി.ഐ ഡയറക്ടറെ കാണാനില്ല' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ പേരിലാണ് കേസ്. കാഷ് പട്ടേല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് വിവാദവാര്‍ത്ത പുറത്തുവന്നത്. ഡയരക്ടര്‍ എന്ന നിലയില്‍ കാഷ് പട്ടേലിന്റെ പെരുമാറ്റങ്ങളെക്കുറിച്ചായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പട്ടേലിന്റെ പെരുമാറ്റം എഫ്.ബി.ഐയിലെയും നീതിന്യായ വകുപ്പിലെയും ഉദ്യോഗസ്ഥരെ പലപ്പോഴും ആശങ്കയിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ണ്ണായകമായ അന്വേഷണങ്ങള്‍ക്കിടയില്‍ 'എടുത്തുചാടി പ്രവര്‍ത്തിക്കുന്ന സ്വഭാവക്കാരനാണ് പട്ടേലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന് മുമ്പു തന്നെ പട്ടേല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 'നമുക്ക് കോടതിയില്‍ കാണാം, ചെക്ക് ബുക്ക് കൂടെ കരുതിക്കോളൂ' എന്ന് പട്ടേല്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അമിതമദ്യപാനം കാരണം പട്ടേലിന് എഫ്ബിഐ ഡയരക്ടര്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല, പൊതു സുരക്ഷയ്ക്ക് ഭീഷണിയാണ്, വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുണ്ട്, പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ സാധിക്കില്ല, അടച്ച മുറികളില്‍ നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വന്നു, മദ്യപിച്ചാണ് പരസ്യപ്രസ്താവനകള്‍ നടത്തുന്നത്, ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ അസ്ഥിരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇതുകൂടാതെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

തന്നെ മുഴക്കുടിയനായാണ് റിപ്പോര്‍ട്ട് ചിത്രീകരിക്കുന്നതെന്ന് പട്ടേല്‍ മാനനഷ്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സല്‍പ്പേരിന് കളങ്കമുണ്ടാക്കാനും പദവിയില്‍ നിന്ന് പുറത്താക്കാനും ലക്ഷ്യമിട്ടാണ് പച്ചക്കള്ളങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നിറഞ്ഞ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ ആരോപിച്ചു. പ്രധാന ആരോപണങ്ങള്‍ തെറ്റാണെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും 'ദി അറ്റ്‌ലാന്റിക്' അത് അവഗണിച്ചു. 19 ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഫ്.ബി.ഐക്ക് രണ്ട് മണിക്കൂറില്‍ താഴെ സമയം മാത്രമാണ് നല്‍കിയത്. ആരോപണങ്ങള്‍ നിഷേധിച്ച് തന്റെ നിയമോപദേശകന്‍ കത്തയച്ചിരുന്നതായും, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടതായും ഹര്‍ജിയില്‍ പട്ടേല്‍ പറഞ്ഞു.

വാഷിംഗ്ടണിലെ നെഡ്സ്, ലാസ് വെഗാസിലെ പൂഡില്‍ റൂം തുടങ്ങിയ ക്ലബ്ബുകളില്‍ താന്‍ കുടിച്ച് പൂസാവാറുണ്ടെന്ന ആരോപണവും പട്ടേല്‍ തള്ളി. താന്‍ ഈ സ്ഥാപനങ്ങളിലോ മറ്റെവിടെയെങ്കിലുമോ അമിതമായി മദ്യപിക്കാറില്ലെന്നും ഇത് ഒരാശങ്കയ്ക്കും കാരണമായിട്ടില്ലന്നും പട്ടേല്‍ ഹര്‍ജിയില്‍ പറഞ്ഞു.

വൈറ്റ് ഹൗസും ഈ ആരോപണങ്ങള്‍ തള്ളി. കാഷ് പട്ടേല്‍ നിയമപാലന വിഭാഗത്തിലെ നിര്‍ണ്ണായക വ്യക്തിയായി തുടരുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിവിറ്റ് ചൂണ്ടിക്കാട്ടി.

പട്ടേലിന്റെ ആരോപണങ്ങള്‍ 'ദി അറ്റ്‌ലാന്റിക്' തള്ളി. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി മാസികയുടെ വക്താവ് അറിയിച്ചു. കേസ് അടിസ്ഥാനരഹിതമാണെന്നും അറ്റ്‌ലാന്റിക്കിനെയും മാധ്യമപ്രവര്‍ത്തകരെയും പ്രതിരോധിക്കുമെന്നും കമ്പനി അറിയിച്ചു.

കൃത്യമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ലേഖനം തയ്യാറാക്കിയതെന്നാണ് 'ദി അറ്റ്‌ലാന്റിക്കിന്റെ' നിലപാട്. പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ച് 'ഇരുപതിലധികം ആളുകളെ' താന്‍ അഭിമുഖം ചെയ്തതായി റിപ്പോര്‍ട്ടര്‍ സാറാ ഫിറ്റ്സ്പാട്രിക് വ്യക്തമാക്കി. ഇപ്പോഴുത്തെയും മുമ്പത്തെയും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ റസ്‌റ്റോറന്റ് വൃത്തങ്ങള്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ലോബിയിസ്റ്റുകള്‍, മുന്‍ ഉപദേശകര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പട്ടേല്‍ പരാജയമാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സ്രോതസ്സുകള്‍ തന്നോട് പറഞ്ഞതായി അവര്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് സര്‍ക്കാര്‍ നല്‍കുന്ന കേസുകളില്‍ ഏറ്റവും പുതിയതാണിത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് 'ദി വാള്‍ സ്ട്രീറ്റ് ജേണലിന്' എതിരെ നല്‍കിയ പരാതി കഴിഞ്ഞ ആഴ്ച ഒരു ഫെഡറല്‍ ജഡ്ജി തള്ളിയിരുന്നു. 'ദി ന്യൂയോര്‍ക്ക് ടൈംസ്', 'ബി.ബി.സി', 'സി.എന്‍.എന്‍', 'ദി ഡെസ് മോയിന്‍സ് രജിസ്റ്റര്‍' എന്നീ മാധ്യമങ്ങള്‍ക്കെതിരെയും ട്രംപ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.