പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പർക്കത്തിൽ വന്നയാളാണ് മരിച്ചത്

അരിസോണ: 2007 ന് ശേഷം ആദ്യമായി അമേരിക്കയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലാണ് സംഭവം. പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പർക്കത്തിൽ വന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളുടെ മരണം പ്ലേഗ് മൂലമാണെന്ന സ്ഥിരീകരണം എത്തുന്നത്. 14ാം നൂറ്റാണ്ടിൽ കറുത്ത മരണമെന്ന പേരിൽ കുപ്രസിദ്ധമായ പ്ലേഗ് ബാധിച്ച് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയാണ് മരിച്ചത്. നിലവിൽ ആന്റിബയോട്ടിക് ലഭ്യമായതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ് പ്ലേഗ്. മനുഷ്യരിൽ വളരെ അപൂർവ്വമായാണ് പ്ലേഗ് ബാധിക്കുന്നത്.

സെന്റർ ഫോ‍ർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വ‍ർഷവും ഏഴ് പേർക്കാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. എന്നാൽ ഏറിയ പങ്കും ആളുകളും ചികിത്സയിലൂടെ രക്ഷപ്പെടാറാണ് പതിവ്. പൊതുജനത്തിന് രോഗബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് കൊക്കോനിനോ കൗണ്ടി ഭരണകൂടം വിശദമാക്കുന്നത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊക്കോനിനോ കൗണ്ടി അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദണ്ഡിന്റെ ആകൃതിയോട് കൂടിയ യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയ ആണ് രോഗം പടർത്തുന്നത്. രോഗ ബാധിതമായ ചെള്ളുകൾ കടിക്കുന്നത് മൂലം പടരുന്നതും മറ്റ് രോഗബാധിതമായ ജീവികളുടെ ശ്വാസകോശത്തിൽ നിന്ന് പടരുന്നതുമായ പ്ലേഗ് എന്നിങ്ങനെ രണ്ട് രീതിയിലാണ് രോഗബാധയുള്ളത്. രോഗബാധിതമായ ജീവിയുടെ ശ്വാസകോശം മുഖേന പടരുന്നത് അപൂർവ്വമാണെങ്കിലും അരിസോണയിലെ മരണം ഇത്തരത്തിലുള്ളതാണ്. പ്ലേഗിലെ അപകടകാരി ഇതാണ്. ബാക്ടീരിയ ബാധിച്ച് കഴി‌ഞ്ഞാൽ രണ്ട് മുതൽ എട്ട് ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷമാവും. വിറച്ച് തുള്ളി പനിക്കുക, ക്ഷീണം, സന്ധികളിൽ നീര് വരുക എന്നിവയാണ് ലക്ഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം