Asianet News MalayalamAsianet News Malayalam

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. 

former pakistan president pervez musharraf passed away apn
Author
First Published Feb 5, 2023, 11:44 AM IST

ദുബായ് : പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുഷറഫ്. പാക്ക് മാധ്യമങ്ങളാണ് മരണവാർത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം. ഏറെ കാലമായി പാക് രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. 

കാർഗിൽ യുദ്ധ കാലത്തിന്റെ പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്. പിന്നീട് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്. 

രാജ്യദ്രോഹക്കുറ്റം: പര്‍വേസ് മുഷറഫിന് വധശിക്ഷ

1943 ഓഗസ്‌റ്റ് 11 ന് അവിഭക്ത ഇന്ത്യയിലെ ദില്ലിയിലാണ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി. പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിലെ പഠനത്തിന് ശേഷം 1964 ൽ  മുഷറഫ് പാക്ക് പട്ടാളത്തിൽ ചേർന്നു. 1965 ലും 1971 ലും ഇന്ത്യാ പാക് യുദ്ധങ്ങളിൽ പങ്കെടുത്തു. 1998 ൽ നവാസ് ഷെരീഫ് മുഷാറഫിനെ സൈനിക മേധാവിയാക്കി. 

അതേ നവാസ് ഷറഫറിനെ ഒറ്റരാത്രി കൊണ്ട് അട്ടിമറിച്ച ജയിലിലാക്കി മുഷാറഫ് അധികാരം പിടിച്ചു. 1999 ഒക്ടോബർ 13 ന് ആയിരുന്നു ലോകത്തെ അമ്പരപ്പിച്ച ആ പട്ടാള അട്ടിമറി. 2001 വരെ സൈനിക മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകിയ മുഷാറഫ്  2001 ൽ പ്രസിഡന്റായി. ഭരണകാലത്ത് രാഷ്ട്രീയ എതിരാളിയാക്കളെ നിർദയം വേട്ടയാടി. 2007 മാർച്ചിൽ ജുഡീഷ്യറിയുമായുണ്ടായ ഏറ്റുമുട്ടലാണ് മുഷറഫിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ  മുഷറഫ് പുറത്താക്കി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തു കൊണ്ട് പാക്ക് സുപ്രീം കോടതി പിറ്റേന്ന് ഉത്തരവിട്ടു.  

അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ 2007 ഡിസംബറിൽ മുഷറഫ് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ
മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇംപീച്ചേമ്ന്റിന്റെ വക്കിൽ നിൽക്കെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു. രാജ്യംവിട്ട് യുഎഇയിലേക്ക് പോയ മുഷാറഫ് 2013 ൽ മടങ്ങിയെത്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജയിലിൽ ആകുമെന്ന ഘട്ടം എത്തിയപ്പോൾ 2016 ൽ വീണ്ടും രാജ്യം വിട്ടു.  ഒരു ഡസനിലേറെ കേസുകളിൽ പ്രതിയായി മുഷറഫ്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസില്‍ പാകിസ്ഥാന്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.  

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജഡ്ജിമാരെ ഇംപീച്ച് ചെയ്യുകയും തടങ്കലിലാക്കുകയുംചെയ്ത കേസില്‍  പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. നാട്ടിൽ എത്തിയാൽ എന്താകും ഫലമെന്ന് അറിയാവുന്ന മുഷറഫ് പിന്നീട അതിനു ശ്രമിച്ചതുമില്ല.  നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗംബാധിച്ച് രണ്ടു വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. യന്ത്ര സഹായത്തോടെ അന്ന് ഏറെ മാസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. 

'എന്നോടുള്ള വ്യക്തിവൈരാഗ്യം, വിധി ചോദ്യം ചെയ്യും'; വധശിക്ഷ വിധിച്ചതില്‍ പ്രതികരിച്ച് മുഷറഫ്

ഭീകരന്മാര്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കാറുണ്ട്; അവര്‍ ഹീറോമാര്‍: മുഷറഫിന്റെ വീഡിയോ

Follow Us:
Download App:
  • android
  • ios