സ്വന്തം പങ്കാളികളെയാണ് ഈ സംഘം ഇരകളാക്കുന്നത്. രഹസ്യമായി മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയ ശേഷം, ഭര്‍ത്താക്കന്‍മാര്‍ തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്യുന്നതാണ് ഒരു രീതി.
ലണ്ടന്‍: ഭാര്യമാരെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പരപുരുഷന്‍മാര്‍ക്ക് ലൈംഗികമായി പീഡിപ്പിക്കാന്‍ വിട്ടുനല്‍കുകയും ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പുകള്‍ വഴി അതിന്റെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ പോലീസ് കണ്ടെത്തി. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ സംഘം ഓണ്‍ലൈന്‍ വഴിയാണ് അതീവരഹസ്യമായി ഇടപാടുകള്‍ നടത്തുന്നത്. ഏഴ് രാജ്യങ്ങളിലായി നടത്തിയ വിപുലമായ പരിശോധനയിലാണ് അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. യൂറോപോളും ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സിയും ചേര്‍ന്നാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയശേഷം പീഡിപ്പിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന രീതി. സ്വന്തം പങ്കാളികളെയാണ് ഈ സംഘം ഇരകളാക്കുന്നത്. രഹസ്യമായി മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയ ശേഷം, ഭര്‍ത്താക്കന്‍മാര്‍ തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്യുന്നതാണ് ഒരു രീതി. മയക്കത്തിലായ ഭാര്യമാരെ പരപുരുഷന്‍മാര്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത് ആ ദൃശ്യങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ പകര്‍ത്തി ഓണ്‍ലൈനില്‍ വില്‍ക്കുകയാണ് മറ്റൊരു രീതി.
ഇത്തരം അതിക്രമങ്ങള്‍ ആസൂത്രണം ചെയ്യാനും, മയക്കുമരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാനും, പീഡന ദൃശ്യങ്ങളും ചിത്രങ്ങളും പരസ്പരം കൈമാറാനുമായി പ്രതികള്‍ പ്രത്യേക ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു. ഈ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് തല്‍സമയം കാണിക്കുന്ന സംഘങ്ങളുമുണ്ട്. അതോടൊപ്പം, ഈ ദൃശ്യങ്ങള്‍ വീഡിയോ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് സബ്‌സ്‌ക്രിപ്ഷന്‍ വഴി കാശുണ്ടാക്കുകയും ചെയ്യുന്നു. പണം കൊടുത്ത് തല്‍സമയവും അല്ലാതെയും ഇത്തരം വീഡിയോകള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതെന്ന് പൊലീസ് വൃക്തമാക്കുന്നു. പീഡനവും ചിത്രീകരണവും മയക്കത്തിലായതിനാല്‍, പല കേസുകളിലും ഇരകള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെട്ട വിവരം പോലീസ് ബന്ധപ്പെടുമ്പോള്‍ മാത്രമാണ് അറിയുന്നത്.
ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ഹംഗറി, നെതര്‍ലാന്‍ഡ്സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ കാലത്ത്, ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ ആഗോളതലത്തിലുള്ള വലിയൊരു ശൃംഖലയായി വളര്‍ന്നിരിക്കുകയാണെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ നൈജല്‍ ലിയറി വ്യക്തമാക്കി.
പ്രതികള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനും മരുന്നുകള്‍ നിയമവിരുദ്ധമായി വാങ്ങാനും എന്‍ക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകളും രഹസ്യ ഫോറങ്ങളുമാണ് ഉപയോഗിക്കുന്നത്. ബ്രിട്ടന്‍, ജര്‍മ്മനി, ചൈന, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിരവധി പേരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈനിലെ രഹസ്യസ്വഭാവം മുതലെടുത്ത് നടക്കുന്ന ഇത്തരം ക്രൂരതകളെ വെളിച്ചത്തുകൊണ്ടുവരാന്‍ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ പോലീസ് ഓപ്പറേഷനുകളുമായി മുന്നോട്ടുപോവാനാണ് തീരുമാനം.


