ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന സംഘമാണ് ഡിജെയും പാട്ടും നൃത്തവുമായി അമേരിക്കയിലെ ലോവർ മാൻഹാട്ടനിലെ വാൾ സ്ട്രീറ്റിലേക്ക് എത്തിയത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം കൂടിയായ വാൾ സ്ട്രീറ്റ് തെരുവിലെ ബാരാത്ത് യാത്രയുടെ വീഡിയോയ്ക്ക് വ്യാപക വിമർശനമാണ് ഉയരുന്നത്.
ന്യൂയോർക്ക്: നാനൂറിലേറെ അതിഥികൾ പങ്കെടുക്കുന്ന ആഡംബര ബാരാത്തുമായി വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയത് അമേരിക്കയിലെ പ്രശസ്തമായ വാൾ സ്ട്രീറ്റിൽ. വീഡിയോയ്ക്ക് വ്യാപക വിമ്ർശനം. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന സംഘമാണ് ഡിജെയും പാട്ടും നൃത്തവുമായി അമേരിക്കയിലെ ലോവർ മാൻഹാട്ടനിലെ വാൾ സ്ട്രീറ്റിലേക്ക് എത്തിയത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം കൂടിയായ വാൾ സ്ട്രീറ്റ് തെരുവിലെ ബാരാത്ത് യാത്രയുടെ വീഡിയോയ്ക്ക് വ്യാപക വിമർശനമാണ് ഉയരുന്നത്.
വിവാഹത്തിന് വലിയ രീതിയിലുള്ള ആഡംബരം വേണമെന്ന രീതിക്കെതിരെയാണ് വിമർശനം രൂക്ഷമാവുന്നത്. വാൾ സ്ട്രീറ്റ് അടച്ച് പൂട്ടിയ വിവാഹ ആഘോഷമെന്നാണ് ബാരാത്ത് വീഡിയോ പങ്കുവച്ചുകൊണ്ട് വിവാഹ ചടങ്ങുകളിൽ ഭാഗമായ ഒരാൾ പ്രതികരിക്കുന്നത്. ആഡംബര കാറിൽ ബെയ്ജ് നിറത്തിലുള്ള ഷെർവാണിയുമായാണ് വരൻ ബാരാത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ സംസ്കാരമെന്നും അഭിമാനമെന്നും നിരവധി ആളുകൾ പ്രതികരിക്കുമ്പോൾ വെറുതെയല്ല ട്രംപ് ഇന്ത്യക്കാരെ നാടു കടത്തുന്നതെന്നാണ് മറ്റ് ചിലർ വീഡിയോയോട് പ്രതികരിക്കുന്നത്.
നിരവധി ഇന്ത്യക്കാരാണ് ഇത്തരത്തിൽ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ വിവാഹ ആഘോഷത്തിനായി ചെലവിടുന്നതെന്നും ഈ പ്രവണത അവസാനിക്കേണ്ടതുണ്ടെന്നും വീഡിയോയ്ക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കടംവാങ്ങി വരെ തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇന്ത്യൻ വിവാഹങ്ങളെന്നും വിമർശനം ഉയരുന്നുണ്ട്.
നാടുകടത്തൽ നോട്ടീസ് ഉടൻ ലഭിക്കുമെന്നും വീഡിയോയോട് പ്രതികരിക്കുന്നവർ ഏറെയാണ്. വാൾസ്ട്രീറ്റ് തെരുവ് ഇത്തരത്തിലുള്ള സ്വകാര്യ ചടങ്ങുകൾക്ക് ഉപയോഗിക്കാമെന്ന് തിരിച്ചറിയാത്തവരാണ് നാടുകടത്തൽ പരാമർശം നടത്തുന്നതെന്നും പ്രതികരണങ്ങൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ 10 ലക്ഷം രൂപയോളം ചെലവിട്ടാൽ വാൾസ്ട്രീറ്റ് സ്വകാര്യ ചടങ്ങുകൾക്കായി വിട്ടുകിട്ടുമെന്ന വിവരവും വീഡിയോയുടെ പ്രതികരണങ്ങളിൽ നിറയുന്നുണ്ട്. പാഴ്ചെലവിന് വിമർശനം ഏറെയാണെങ്കിലും വാൾസ്ട്രീറ്റിലെത്തിയ ഇന്ത്യൻ ബാരാത്ത് സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.


